തിരുവനന്തപുരം: മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും, ഇനിയും അത് പറയാൻ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ.
ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണ്. സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്.
വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കല ശിവഗിരി മഠത്തിന്റെ വാര്‍ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയായിരുന്നു പ്രതികരണം.
അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. താൻ അയിത്ത ജാതിക്കാരനാണോയെന്നും ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു.
