മണിമല: പുറത്തു ബോർഡ് വീട്ടിൽ ഊണ്, അകത്ത് മദ്യക്കച്ചവടം. മദ്യനിരോധന ദിവസമായ മാസത്തിലെ ആദ്യദിനവും പുതുവത്സരവും ഒന്നിച്ചുവന്നതോടെ ഇരട്ടി ലാഭത്തിലായിരുന്നു അനധികൃത വിൽപന. രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം എത്തി വിശദമായി പരിശോധന നടത്തിയതോടെ ഒളിപ്പിച്ചുവച്ചിരുന്ന 76 കുപ്പി മദ്യം കണ്ടെടുത്തു.
മണിമലയ്ക്ക് സമീപം കറിക്കാട്ടൂരിലാണ് വീട്ടിൽ ഊണ് ഹോട്ടലിന്റെ മറവിൽ നടന്ന മദ്യ വിൽപന പിടികൂടിയത്. ഹോട്ടൽ ഉടമ വി.എസ്. ബിജുമോനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വീടിന്റെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. സർക്കാർ വക മദ്യവിൽപന ശാലയിൽ നിന്നും പല തവണകളിലായി മദ്യം വാങ്ങിച്ച് വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽക്കുകയായിരുന്നു.
