സ്വന്തം ലേഖകന്‍
കോഴിക്കോട്: റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ സഹായിച്ചാല്‍ ഇനി നൂലാമാലകളില്‍ പെടില്ല. ‘ഗോള്‍ഡന്‍ അവറില്‍’ (അപകടം നടന്ന ആദ്യത്തെ ഒരു മണിക്കൂര്‍) സഹായമെത്തിക്കുന്നവരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ‘രാഹ്-വീര്‍’ (നല്ല ശമരിയാക്കാരന്) പദ്ധതി പ്രഖ്യാപിച്ചു.
അപകടത്തില്‍പ്പെട്ട ഒരാളെ ഭയമില്ലാതെ ആശുപത്രിയിലെത്തിക്കുന്നവരെ നിയമപരമായ കുരുക്കുകളില്‍നിന്നും പോലീസ് പീഡനങ്ങളില്‍നിന്നും സംരക്ഷിക്കുന്നതാണ് ഈ പദ്ധതി. ഗോള്‍ഡന്‍ അവറില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപയും പ്രശംസാപത്രവും നല്‍കും.
ഒരു വ്യക്തിക്ക് വര്‍ഷത്തില്‍ അഞ്ചുതവണ വരെ ഇത്തരത്തില്‍ പ്രതിഫലം നേടാന്‍ അര്‍ഹതയുണ്ട്. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവരെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താനോ അനാവശ്യമായി പോലീസ് സ്റ്റേഷനിലോ ആശുപത്രിയിലോ തടഞ്ഞുവയ്ക്കാനോ പാടില്ലെന്ന് 2019ലെ മോട്ടോര്‍ വാഹന നിയമത്തിലെ 134എ വകുപ്പ് വ്യക്തമാക്കുന്നു.
സദുദ്ദേശ്യത്തോടെ സഹായിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നടപടികളില്‍നിന്ന് പൂര്‍ണ നിയമപരിരക്ഷ ഉണ്ടായിരിക്കും. ആശുപത്രിയില്‍ പരിക്കേറ്റയാളെ എത്തിച്ചാലുടന്‍ സഹായിക്ക് മടങ്ങിപ്പോകാന്‍ കഴിയും.
സഹായിക്കുന്നയാള്‍ക്ക് സ്വന്തം പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതിരിക്കാന്‍ അവകാശമുണ്ട്. അപകടത്തില്‍പ്പെട്ടയാളുടെ അടിയന്തര ചികിത്സയ്ക്കായി സഹായിയില്‍നിന്ന് പണം ആവശ്യപ്പെടാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ല.
സഹായിക്ക് സാക്ഷിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ മാത്രം ഒരു തവണ മൊഴി നല്കിയാല് മതി. ഇതിനായി സഹായിക്ക് സൗകര്യപ്രദമായ സ്ഥലവും സമയവും തെരഞ്ഞെടുക്കാം. ഇന്ത്യയില്‍ റോഡ് അപകടങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം മൂന്നു ശതമാനമാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കുന്നത്.
പലപ്പോഴും നിയമപരമായ നൂലാമാലകള്‍ ഭയന്നാണ് ആളുകള്‍ സഹായിക്കാന്‍ മടിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കി കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാനാണ് ‘രാഹ്-വീര്‍’പദ്ധതി ലക്ഷ്യമിടുന്നത്. മുമ്പ് കേന്ദ്രമന്ത്രാലയം പ്രഖ്യാപിച്ച സമാനമായ പദ്ധതിയില്‍ 5000 രൂപയും പ്രശസ്തി പത്രവും മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
