പതിമൂന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു മലയാളസിനിമയിലെ അന്പിളിക്കല അപ്രത്യക്ഷമായിട്ട്. അന്പിളിച്ചേട്ടൻ എന്ന് സിനിമാക്കാർ സ്നേഹപൂർവം വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ പെട്ടെന്നുള്ള പിന്മാറ്റം സൃഷ്ടിച്ച ശൂന്യതയിൽനിന്ന് നമ്മുടെ സിനിമ ഇനിയും മോചിതമായിട്ടില്ല. ഇന്ന് അദ്ദേഹത്തിന്റെ 75-ാം പിറന്നാൾ ദിനത്തിലും മലയാളികൾ കാത്തിരിക്കുകയാണ്- ഒരു തിരിച്ചുവരവിനായി. വാഹനാപകടത്തിന്റെ രൂപത്തിൽ വിധി അദ്ദേഹത്തിലെ കലാകാരനെ തളർത്തിയെങ്കിലും അതിനെയെല്ലാം ധൈര്യപൂർവം നേരിട്ട് കുടുംബത്തോടൊപ്പം സ്വച്ഛമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് അദ്ദേഹമിപ്പോൾ.
ജഗതി ശ്രീകുമാറിന്റെ ജീവിതം സിനിമ മാത്രമായിരുന്നു. സെറ്റിൽനിന്ന് സെറ്റിലേക്ക്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഇതിനിടയിലുള്ള ഒരു ‘സ്പേസ്’ അദ്ദേഹത്തിന് വളരെ വിരളമായേ ലഭിച്ചിരുന്നുള്ളൂ. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1974ൽ കന്യാകുമാരി എന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമാജീവിതം . ഏതാണ്ട് മുപ്പതുവർഷത്തോളം ഒരു പ്രയാണം തന്നെയാണ് നടത്തിയത്. ഈ പ്രയാണത്തിൽ മലയാളികളെ കുടുകുടാ ചിരിപ്പിക്കുക എന്ന ദൗത്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് അദ്ദേഹം എത്ര ഭംഗിയായി നിർവഹിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ല. എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ.
ഓരോ കാലഘട്ടത്തിലും മാറിവരുന്ന നായകന്മാർക്കൊപ്പം ജഗതി നടത്തിയ തേരോട്ടം 2012 വരെ അനുസ്യൂതം തുടർന്നു. 2012 മാർച്ച് 10ന് മലപ്പുറത്തുണ്ടായ വാഹനാപകടം അദ്ദേഹത്തിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അപകടാവസ്ഥ തരണം ചെയ്തുവെങ്കിലും ജഗതി എന്ന ഹാസ്യസാമ്രാട്ടിന്റെ സംസാരശേഷി നഷ്ടപ്പെട്ടത് കലാകേരളം ഞെട്ടലോടെയാണ് കേട്ടത്.
അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ കേട്ടും മാനറിസങ്ങൾ കണ്ടും ചിരിച്ച തലമുറകൾക്ക് ജഗതിയുടെ പിൻവാങ്ങൽ വലിയ ശൂന്യതയായി മാറി.
ഇന്ന് 75ന്റെ നിറവിൽ എത്തിനിൽക്കുന്പോൾ ജഗതിശ്രീകുമാർ എന്ന നടനെക്കുറിച്ച് ഏറെ അനുസ്മരിക്കാനുണ്ട്. 62-ാം വയസിൽ അപകടം നടക്കുന്നതുവരെയുള്ള കാലഘട്ടത്തെ കരിയറിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത സവിശേഷതകളാണ് അദ്ദേഹം ബാക്കിവച്ചത്. എൺപതുകളുടെ തുടക്കം മുതൽ 2012 വരെയുള്ള കാലത്ത് ഒരിക്കൽ പോലും താരമൂല്യം നഷ്ടപ്പെടാത്ത നടൻ എന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകത.
അടൂർഭാസി, ബഹദൂർ, പപ്പു, മാള, കലാഭവൻമണി, ജഗദീഷ്, മാമുക്കോയ, സലിംകുമാർ തുടങ്ങി ഒട്ടേറെ പ്രഗത്ഭർ ഹാസ്യനിരയിലുണ്ടായിരുന്നെങ്കിലും അതിലും മേലെയായിരുന്നു ജഗതി എന്ന മൂന്നക്ഷരം മലയാളി പ്രേക്ഷകർക്ക്. കോമഡിയുടെ പശ്ചാത്തലത്തിൽ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന നടന്മാർക്ക് ജഗതിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവരുടെ ചിത്രങ്ങൾ വന്പൻ ഹിറ്റുകളായതിനു പിന്നിൽ ജഗതി വലിയ പങ്കുവഹിച്ചു.
മലയാളസിനിമ ‘ന്യൂജെൻവേവി’ലേക്ക് തിരിയുന്ന കാലത്താണ് ജഗതിശ്രീകുമാറിനു ദുരന്തം നേരിട്ടത്.
അതിനാൽ അത്തരം സിനിമകളിൽ ഈ നടന്റെ സാന്നിധ്യം കാണാൻ കഴിഞ്ഞില്ല. അതു പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ്. ഏതു കാലത്തിനും ഏതു മേക്കിംഗിനും മാറ്റിനിര്ത്താനാവില്ല ഈ പ്രതിഭയെ. അതുകൊണ്ടുതന്നെ ന്യൂജൻചിത്രങ്ങളിലും അദ്ദേഹം തിളങ്ങുമായിരുന്നു എന്ന് നിസംശയം പറയാം.
സിനിമയുടെ തിരക്കിൽ അഭിരമിച്ചിരുന്ന ജീവിതത്തിൽനിന്ന് ഇപ്പോൾ ജഗതി ശ്രീകുമാർ ഏറെമാറിയിരിക്കുന്നു.
ഭാര്യയുടെയും മക്കളുടെയും നിരന്തര പരിചരണവും സാമീപ്യവും ഡോക്ടർമാരുടെ നിർദേശാനുസരണമുള്ള ജീവിതവുമൊക്കെയായി തിരുവനന്തപുരത്തെ വീട്ടിൽ കഴിയുകയാണ് മലയാളത്തിന്റെ ഈ ഹാസ്യസാമ്രാട്ട്. മലയാളസിനിമയിലെ എല്ലാവിശേഷങ്ങളും അദ്ദേഹം അറിയുന്നു. നിരവധി സിനിമകൾ കാണുന്നു. ഇടയ്ക്ക് സഹപ്രവർത്തകരുടെ വിയോഗവാർത്തകൾ അറിയുന്പോൾ വിഷമത്തിലാകുന്നു. അപ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്നു, അദ്ദേഹത്തിന്റെ രണ്ടാംവരവിനായ്…
