തളിപ്പറമ്പ്: തളിപ്പറന്പിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം. നെറികേട് കാണിക്കുന്നവരെ നിലക്കുനിർത്താൻ സിപിഐ നേതൃത്വം ആർജ്ജവം കാണിക്കണമെന്നും ബിജെപി-ലീഗ്-കോൺഗ്രസ് പ്രവർത്തകരെ ചേർത്തുപിടിച്ച് സിപിഐയിലെ ചിലർ സർക്കാരിന്റെ മുഖത്ത് ചെളിവാരിയെറിയുകയാണെന്നും സിപിഎം നേതാക്കൾ തളിപ്പറന്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുതുവത്സരാഘോഷത്തിന്റെ മറവിൽ മാന്തംകുണ്ട് റസിഡൻസ് അസോസിയേഷന്റെ പേരിൽ അതിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു എന്നു പറയുന്ന ഒരു വ്യക്തിയും സിപിഐക്കാരനുമായ ആൾ കഴിഞ്ഞ കുറെ ദിവസങ്ങളായി സിപിഎമ്മിനും അതിന്റെ നേതൃത്വത്തിനുമെതിരായി നിരന്തരം നെറികെട്ട പ്രസ്താവനകൾ മാധ്യമങ്ങളിലൂടെ നട ത്തികൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങൾ മുഖേനെയും ദുഷ്പ്രചരണങ്ങൾ അഴിച്ചുവിടുന്നുണ്ട്.
പോലീസിന്റെ നടപടിയെ ന്യായീകരിക്കാനോ തള്ളിക്കളയാനോ ഉള്ള ഉത്തരവാദിത്വം സിപിഎമ്മിനില്ല. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഇടപെടില്ല എന്ന രാഷ്ട്രീയ മര്യാദയുടെ ഭാഗമാണിത്. എന്നാൽ, എൽഡിഎഫ് സർക്കാരിലെ ഒരു ഘടകകക്ഷി എന്നനിലയിൽ പ്രവർത്തിക്കുന്ന സിപിഐയുടെ തളിപ്പറമ്പ് നേത്യത്വത്തിലെ ഒരു വിഭാഗം ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചുകാണുന്നത്. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായാണ് സിപിഐയുടെ പേരിൽ ചിലർ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ കേരളത്തിലാകെയും തളിപ്പറമ്പ് നഗരസഭയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി എന്നനിലയിൽ യോജിച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. തളിപ്പറമ്പ് നഗരസഭയിലെ പാളയാട് വാർഡിൽ എൽഡിഎഫ് പരാജയപ്പെട്ടു. ഇവിടെ സ്ഥാനാർഥി പ്രഖ്യാപനത്തെതുടർന്ന് എൽഡിഎഫ് ഐക്യത്തിന് തുരങ്കം വയ്ക്കുന്ന വിധത്തിൽ മേൽപ്പറഞ്ഞ സിപിഐക്കാരന്റെ നേതൃത്വത്തിൽ ഏകപക്ഷീയമായ പ്രവർത്തനമാണ് നടത്തിയത്.
റസിഡൻസ് അസോസിയേഷൻ പോലീസ് അനുമതി ഇല്ലാതെ പരിപാടി നടത്തി. നിയമാനുസൃതം പാലിക്കേണ്ട സമയനിഷ്ഠപോലും പാലിക്കാതെ പരിപാടി തുടർന്നപ്പോൾ പോലീസ് ഇടപെട്ടു. ഇതിന്റെ പേരിലും സിപിഎമ്മിനെ പഴിചാരാനും ആക്ഷേപിക്കാനും നേതാക്കൾക്കെതിരെപോലും പുലഭ്യം പറയാനുമാണ് ശ്രമിച്ചത്.
ഇത്തരം നെറികേട് കാണിക്കുന്നവരെ നിലക്കു നിർത്താൻ സിപിഐ നേതൃത്വം ആർജ്ജവം കാണിക്കണമെന്നും സിപിഎം നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സിപിഎം നേതാക്കളായ ടി.കെ. ഗോവിന്ദൻ, കെ. സന്തോഷ്, പി. മുകുന്ദൻ, സി.എം. കൃഷ്ണൻ, കെ. ദാമോദരൻ, പുല്ലായിക്കൊടി ചന്ദ്രൻ, ടി. ബാലകൃഷ്ണൻ, കെ. ബിജുമോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
