കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരേ വധഭീഷണി ഉയർന്നതിനെത്തുടർന്ന് സുരക്ഷ കർശനമാക്കി. ഇന്നലെ രാത്രിയോടെയാണ് ഗവർണർക്ക് വധഭീഷണി സന്ദേശമെത്തിയത്. ലോക്ഭവൻ ഉടൻതന്നെ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുകയും ഗവർണറുടെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി വിലയിരുത്തുകയും ചെയ്തു.
വധഭീഷണി നിലനിൽക്കെ തന്നെ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ ഇന്ന് കൊൽക്കത്ത നഗരത്തിലൂടെ നടക്കുമെന്ന് ലോക്ഭവൻ അറിയിച്ചു. ഭീഷണികൾക്ക് വഴങ്ങില്ലെന്ന പ്രഖ്യാപനവുമായാണ് ഗവർണറുടെ ഈ തീരുമാനം.അതിനിടെ, എൻഎസ്എസ് നേതൃത്വത്തിനെതിരേ നേരത്തെ ഉയർത്തിയ രൂക്ഷവിമർശനങ്ങളിൽ നിന്ന് ഗവർണർ പിന്നോട്ടുപോയി.
തന്റെ പ്രസ്താവനകൾ വിവാദമാക്കേണ്ടതില്ലെന്നും എൻഎസ്എസിനോട് വ്യക്തിപരമായ പരാതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി ലഭിക്കാത്തതിലുള്ള വിഷമം മാത്രമാണ് താൻ പങ്കുവച്ചതെന്ന് ആനന്ദബോസ് തിരുത്തി.നേരത്തെ ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിൽ എൻഎസ്എസ് നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.
മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റ് കീപ്പറെ കാണാനല്ല താൻ പെരുന്നയിൽ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്.
ഗവർണർ നിലപാട് മയപ്പെടുത്തിയത് ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെ ത്തുടർന്നാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായ സംഘടനയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന സന്ദേശം ബിജെപി നേതൃത്വം അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
