ന്യൂഡൽഹി: വിജയ്യുടെ തമിഴ് ചിത്രം ജനനായകന്റെ സിബിഎഫ്സി സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജനുവരി 20ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ച് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.
ചിത്രത്തിന് ഉടൻ സിബിഎഫ്സി സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ചിന്റെ നിർദേശം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരേയാണ് സിനിമയുടെ നിർമാതാവ് സുപ്രീംകോടതിയെ സമീപിച്ചത്.
സിബിഎഫ്സി അനുമതിക്കു മുന്പ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് വളരെക്കാലമായി നിലനിൽക്കുന്ന രീതിയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി വാദിച്ചു. അയ്യായിരത്തിലധികം തിയറ്ററുകൾ ബുക്ക് ചെയ്തതായും അദ്ദേഹം കോടതിയിൽ പറഞ്ഞു.
എന്നാൽ, സിനിമ റിവൈസിംഗ് കമ്മിറ്റിക്കു മുന്നിൽ റഫർ ചെയ്യാനുള്ള നിർദേശത്തെ നിർമാതാക്കൾ ചോദ്യംചെയ്തിട്ടില്ലെന്നും വിഷയം ഹൈക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീംകോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ജനുവരി 20ന് കേസ് പരിഗണിക്കുന്പോൾ കേസ് തീർപ്പാക്കാൻ ഹൈക്കോടതി ശ്രമിക്കുമെന്നു കരുതുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകൻ
