കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേകസംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറി. ദ്വാര പാലക ശില്പ്പങ്ങള് അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ വിഎസ്എസ്സിയില് നിന്നുമുള്ള ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കി. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.
കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ്ഐടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്‍പ്പ പാളിയിലെയും സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തല്‍. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വര്‍ണത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്.
ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവും നിലവിലുള്ള സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവും. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്ഐടിയ്ക്ക് ആറുമാസം സമയം അനുവദിച്ചിരുന്നു.
