ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യം വ്യാപകമായി പള്ളികൾ തകർക്കുന്നതായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച് ആരോപിച്ചു. ഇന്ത്യയിൽ പള്ളികൾക്കെതിരേ ആക്രമണമുണ്ടാകുന്നുവെന്ന് ആരോപിക്കുന്ന പാക്കിസ്ഥാൻ സ്വന്തം രാജ്യത്ത് നാൽപ്പതോളം പള്ളികളാണു തകർത്തതെന്നും മിർ യാർ ചൂണ്ടിക്കാട്ടി.
ജമ്മു കാഷ്മീരിലെ പള്ളികളെയും ഇമാമുമാരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ഇന്ത്യൻ നീക്കത്തെ പാക്കിസ്ഥാൻ വിമർശിച്ചതിനു പിന്നാലെയാണ് മിർ യാറിന്റെ പ്രതികരണം. പാകിസ്ഥാൻ ഒരു ഭീകരരാഷ്ട്രമാണെന്നും ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളെയും വേട്ടയാടപ്പെടുകയാണെന്നും മിർ എക്സിൽ കുറിച്ചു.
പാക് സൈന്യം ഖുറാൻ കത്തിക്കുകയും പള്ളികളിലെ ഇമാമുമാരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഭീകരവാദികളെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന പാക്കിസ്ഥാന് മനുഷ്യാവകാശത്തെക്കുറിച്ച് ക്ലാസെടുക്കാൻ അവകാശമില്ലെന്നും മിർ പറഞ്ഞു.
ധാതുസമ്പന്നമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദശാബ്ദങ്ങളായി പാക് ഭരണകൂടത്തിനെതിരേ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. വിഭവങ്ങളുടെ നിയന്ത്രണവും സ്വയംഭരണാധികാരവും ആവശ്യപ്പെട്ട് തുടങ്ങിയ സമരം ഇപ്പോൾ പൂർണസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.
