ശാസ്ത്രലോകത്തെ ഞെട്ടിച്ച മോണിക്ക എന്ന ഓസ്ട്രിയന്‍ പശുവാണ് പുതിയ വൈറല്‍ പ്രതിഭാസം. കന്നുകാലികളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇതുവരെ വിശ്വസിച്ചുപോന്നിരുന്ന അറിവുകളെ തിരുത്തിക്കുറിക്കുന്ന കഴിവുകളാണ് ഈ പശു പ്രകടിപ്പിച്ചിരിക്കുന്നത്.
കൈയില്‍ കിട്ടിയ വടികളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ക്ലീനിംഗ് ബ്രഷുകളും ഉപയോഗിച്ച് ശരീരം ചൊറിയുന്ന പശുവിന്റെ ചിത്രം ഏവര്‍ക്കും അദ്ഭുതമാണ്. വളരെ കൈയടക്കത്തോടെയാണിത് ചെയ്യുന്നതെന്നതും കൗതുകം വര്‍ധിപ്പിക്കുന്നു.
നാവു കൊണ്ട് വസ്തുക്കള്‍ എടുക്കുകയും ആവശ്യമുള്ള ശരീരഭാഗത്തേക്ക് കൃത്യതയോടെ ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആദ്യത്തെ പശു മോണിക്കയാണെന്നാണ് വിയന്നയിലെ യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി മെഡിസിനിലെ പ്രസിദ്ധീകരിച്ച പുതിയ ജേര്‍ണലില്‍ വിലയിരുത്തുന്നത്.
പതിനായിരം വര്‍ഷങ്ങളായി മനുഷ്യരും പശുക്കളും തമ്മില്‍ സമ്പര്‍ക്കമുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ഇതാദ്യമാണ്. അനുകൂല ഘടകങ്ങള്‍ ഒത്തുവന്നാല്‍ പശുക്കള്‍ക്ക് കൂടുതല്‍ കഴിവുകള്‍ ആര്‍ജിക്കാന്‍ സാധിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
‘പശുക്കള്ക്കിടയിലെ ഐന്സ്റ്റീന് എന്ന് മോണിക്കയെ വിളിക്കാമോ എന്നറിയില്ല. പക്ഷേ, മറ്റ് പശുക്കള്ക്കില്ലാത്ത എന്തോ ഒന്ന് മോണിക്കയിലുണ്ട്’, ഗവേഷകന് അന്റോണിയോ ഒസുന മസ്കാരോ ഉറപ്പിച്ചു പറയുന്നു.
