മുംബൈ: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലേക്ക്. ഡോളറിനെതിരേ 92 രൂപ താഴ്ചയിലേക്ക്. ഇന്നു വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ 92 രൂപ എന്ന എക്കാലത്തെയും കുറഞ്ഞ നിലവാരത്തിലാണ് രൂപ എത്തിനിൽക്കുന്നത്. കഴിഞ്ഞ ദിവസം 31 പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണു രൂപ വീണ്ടും ദുർബലമായത്.
ചൊവ്വാഴ്ച 91.68 എന്ന നിലയിൽ നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും വിപണിയിലെ സമ്മർദം രൂപയെ വീണ്ടും തളർത്തുകയായിരുന്നു. രൂപയുടെ മൂല്യത്തകർച്ചയ്ക്കൊപ്പം ആഭ്യന്തര വിപണിയിൽ സ്വർണം, വെള്ളി വിലകൾ റിക്കാർഡ് ഉയരത്തിലെത്തി.
സാമ്പത്തിക മേഖലയിൽ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ചൊവ്വാഴ്ചയാണ് ഏറെക്കാലമായി കാത്തിരുന്ന കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചത്.
വസ്ത്രങ്ങൾ, രാസവസ്തുക്കൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 27 യൂറോപ്യൻ രാജ്യങ്ങളിലേക്കു നികുതിരഹിതമായി പ്രവേശനം ലഭിക്കും. വരും ദിവസങ്ങളിൽ ഇത് കയറ്റുമതി മേഖലയ്ക്കു വലിയ കരുത്തേകുമെന്നാണു വിലയിരുത്തൽ.
