വണ്ടിത്താവളം: തണ്ണീർപ്പന്തൽ റോഡരികിൽ മണ്ണിൽ ജീർണിക്കാത്ത പ്ലാസ്റ്റിക് കവറുകൾ തള്ളുന്നവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നു കർഷകരുടെ ആവശ്യം ശക്തമായി.
കാറ്റടിക്കുമ്പോഴും മഴസമയത്തും പ്ലാസ്റ്റിക് മാലിന്യം വയലിലാണ് എത്തുന്നത്. മണ്ണിൽ പുതഞ്ഞ വേസ്റ്റ് തൊഴിലാളികളെ ഉപയോഗിച്ച് പുറത്തെടുക്കുന്നതും ശ്രമകരമാവുകയാണ്.
ഇതു നെൽച്ചെടികൾക്കും ദോഷകരമാവുമെന്നതും കർഷകരെ ആശങ്കപ്പെടുത്തുകയാണ്. ഈ സ്ഥലത്ത് വീടുകളോ വ്യാപാര സ്ഥാപനങ്ങളൊ ഇല്ലാത്തതാണ് മാലിന്യം തള്ളാൻ സൗകര്യമാവുന്നത്. ഭക്ഷണമാലിന്യമടങ്ങിയ പ്ലാസ്റ്റിക് കവറുകൾ തെരുവുനായകൾ വലിച്ച് റോഡിലിടുന്നതും പതിവായിരിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യം നിരത്തിലിടുന്നതിനെതിരേ ശക്തമായ നടപടികളുമായി രംഗത്തുവന്ന പഞ്ചായത്തധികൃതർ യാത്രക്കാർ പരാതി നൽകിയാലും മൗനം പാലിക്കുന്നതായും ആരോപണമുണ്ട്.
