നമ്മുടെ നാട് കാണാനെത്തുന്ന വിദേശികൾക്കൊപ്പം ഫോട്ടോ എടുക്കാത്ത ആളുകൾ കുറവാണ്. എന്നാൽ അത്തരക്കാരെ കാത്ത് മുട്ടൻ പണി വരുന്നുണ്ട്. അനുവാദമില്ലാതെ ടൂറിസ്റ്റുകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവർക്കെതിരേ നടപടി കർശനമാക്കി ഗോവ പൊലീസ്.
ഗോവയിലെ വിവിധ ബീച്ചുകളിൽ വിദേശ വനിതകൾക്ക് നേരെ ഇന്ത്യക്കാരായ സഞ്ചാരികളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ് ഇതുവഴി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച ടൂറിസ്റ്റുകളെ ഉപദ്രവിച്ചതിനും അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനും രണ്ട് തമിഴ്നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഗോവ പോലീസ് നടപടിയുമായി എത്തിയത്.
വിനോദസഞ്ചാര മേഖലയിൽ ഗോവയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും ബീച്ചുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ, ഇന്ത്യക്കാരായ ആളുകളിൽ നിന്നും വിദേശികൾക്കുണ്ടാവുന്ന സെൽഫി സമ്മർദ്ദത്തിന് തടയിടാനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
