മുക്കം: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം രൂക്ഷം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരു കരകളിലുമുള്ള മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി നാന്നൂറിലധികം പേര്‍ക്കാണ് നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റത്.
നീര്‍നായ ഭീതി മൂലം പുഴയോട് ജനങ്ങള്‍ അകലുന്ന അവസ്ഥയാണ്. ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനെത്തുന്നവരും മീന്‍ പിടിക്കാനെത്തുന്നവരും നാമാവശേഷമായിരിക്കുകയാണ്. നീര്‍നായകളുടെ ആവാസ മേഖലകള്‍ നിരീക്ഷിച്ച് പുഴയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പലപ്പോഴും ഒറ്റക്ക് കാണപ്പെടുന്ന നീര്‍നായയാണ് ആക്രമിക്കുന്നതെന്ന് പുഴയോരവാസികള്‍ പറയുന്നു.
വെള്ളത്തിനടിയിലൂടെ ഊളിയിട്ട് വരുന്നതിനാല്‍ ആക്രമണത്തിനെത്തുന്നത് കാണാനാകില്ലെന്നും പരുക്കേറ്റവര്‍ പറയുന്നു. ചെറിയ കുട്ടികളെ കാലില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ജനങ്ങളുടെ ജീവന് ഭീഷണിയായി നീർനായകളെ ഏത് വിധേനയും ഒഴിപ്പിക്കാൻ വനംവകുപ്പ് അധികൃതർ തയാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
നീർനായ ആക്രമണത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവാത്തതിലും നാട്ടുകാരെ പുഴയിലേക്ക് ആകർഷിക്കുന്നതിനുമായി ഒരാഴ്ചമുമ്പ് എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടക്കുളിയും സമൂഹനീന്തലും സംഘടിപ്പിച്ചിരുന്നു.
