മുണ്ടക്കയം: കര്‍ഷകരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സജോയുടെ തോക്കിന് കുഴലിനു മുന്നില്‍ കുടുങ്ങിയതു 97 കാട്ടുപന്നികള്‍. സംസ്ഥാനത്താകെ കാട്ടുപന്നികള്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി വട്ടക്കുന്നേല്‍ സജോ വര്‍ഗീസ് കര്‍ഷകരുടെ രക്ഷയ്ക്കിറങ്ങുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കിയ 97 കാട്ടുപന്നികളെയാണ് സജോ വെടിവച്ചു കൊന്നത്.
രാപകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ വിളിക്കും. വാഹനത്തില്‍ ഉടന്‍ അവിടെയെത്തി ജീവന് പണയംവച്ചാണു കാട്ടുപന്നികളെ വെടിവയ്ക്കുന്നത്. സെക്കൻഡുകള്‍ക്കുള്ളിൽ ലക്ഷ്യം തെറ്റാതെ കാഞ്ചിയമര്ത്തണം. കൃഷി സംരക്ഷണത്തിനായി പിതാവ് ജോയി വര്‍ഗീസിനാണ് തോക്ക് ലൈസന്‍സ് ആദ്യം ലഭിച്ചത്. പിന്നീടാണു സജോയ്ക്കു ലൈസന്‍സ് ലഭിക്കുന്നത്.
അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം ലഭിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് സജോ കാട്ടുപന്നികളെ വകവരുത്തുന്നത്. സിസി ടിവി, ഇലക്ട്രിക് വര്‍ക്കുകള്‍ ചെയ്യുന്ന സജോ ഒഴിവു സമയങ്ങളിലാണ് കര്‍ഷകര്‍ക്ക് ആശ്വാസമായി എത്തുന്നത്. ചില സ്ഥലങ്ങളില്‍ രാത്രി മുഴുവന്‍ ഉറക്കളച്ചിരുന്നും മണിക്കൂറുകള്‍ കാത്തിരുന്നുമാണ് കാട്ടുപന്നികളെ തോക്കിനിരയാക്കുന്നത്.
വെടിവച്ചു കൊല്ലുന്ന പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചുമതലപ്പെട്ടവര്‍ എത്തി മണ്ണെണ്ണ ഒഴിച്ചു കുഴിച്ചു മൂടും. എന്നാല്‍ തുച്ഛമായ വരുമാനം മാത്രമാണ് ഇതില്‍ നിന്ന് ലഭിക്കുന്നതെന്നും കര്‍ഷകരെ സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സജോ പറഞ്ഞു. തെരഞ്ഞെടുപ്പു സമയങ്ങളില്‍ ലൈസന്‍സുള്ള തോക്കുകള്‍ സറണ്ടര്‍ ചെയ്യേണ്ടിവരും. ഈ സമയങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടാന്‍ കഴിയാതെ വരും.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ജനവാസ മേഖലയില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടുപന്നികളിറങ്ങിയാല് തന്റെ സഹായം തേടാമെന്നും സജോ വര്‍ഗീസ് പറയുന്നു.
സാന്റോ മണിയിലയില്‍
