തിരുവനന്തപുരം: ഭക്തമാനസങ്ങളിൽ നിറയുന്ന ആധ്യാത്മികതയുടെ സൗന്ദര്യലഹരി മാത്രമല്ല, കലയുടെ ആഘോഷക്കാഴ്ച കൂടിയാണ് തലസ്ഥാനത്തിന് പൊങ്കാല മഹോത്സവം. പാട്ടുപന്തലിൽ ദേവീ മഹാത്മ്യം തോറ്റംപാട്ടുകളായി ഉയരുമ്പോൾ, കലാ വേദികളിൽ നിറയുന്നത് നാട്യ താള ലയ വിസ്മങ്ങളുടെ വർണക്കാഴ്ചകളാണ്.
ഭക്തിയുടെ ആഘോഷത്തിലേക്കും കലയുടെ പൂരാവേശത്തിലേക്കും തലസ്ഥാനം ചുവടുവയ്ക്കുമ്പോൾ നര്‍ത്തകന്മാര്‍ക്കും നര്‍ത്തകിമാര്‍ക്കും വേദിയിലണിയാനുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കൊഞ്ചിറവിള സ്വദേശിയായ അനില്‍കുമാര്‍.
നാല് പതിറ്റാണ്ടായി നൃത്തവേദികളിലെത്തുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും പ്രിയപ്പെട്ട കോസ്റ്റിയൂമറാണ് അനില്‍. അവര്‍ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത് അദ്ദേഹത്തിന് തൊഴില്‍ മാത്രമല്ല, ഒരു കലാപ്രവര്‍ത്തനം കൂടിയാണ്.
പൂജപ്പുരയില്‍ സൗപര്‍ണിക എന്ന പേരില്‍ അനില്‍കുമാര്‍ നടത്തുന്ന ഡാന്‍സ് ഡ്രസ് മേക്കിംഗ് ഷോപ്പിലേക്ക് നൃത്തയിനങ്ങൾക്കായുള്ള ചമയങ്ങൾ തേടിയെത്തുന്നവര്‍ നിരവധിയാണ്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ നൃത്തയിനങ്ങള്‍ക്കുള്ള വസ്ത്രങ്ങളാണ് അനിലും കടയിലെ ജീവനക്കാരും ചേര്‍ന്ന് തയാറാക്കി നല്‍കുന്നത്.
നൃത്തവേദിയിലെത്തുന്നവർക്ക് വലിയ തുക ചെലവാക്കേണ്ടി വരുന്നത് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചമയങ്ങള്ക്കാണ്. കുറഞ്ഞ നിരക്കില്‍ പുതിയ വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കുന്നതിനൊപ്പം പണത്തിന്റെ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് അനില്‍കുമാര്‍ നൃത്തയിനങ്ങള്ക്കായുള്ള വസ്ത്രങ്ങള്‍ വാടകയ്ക്കും നല്‍കുന്നുണ്ട്.
നൃത്തത്തോടുള്ള കമ്പമാണ് അനില്‍കുമാറിനെ ഈ മേഖലയിലെത്തിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ നൃത്തവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങള്‍ തുന്നുന്ന ജോലി ചെയ്തു.
ധര്‍മപുരം പട്ട് കൊണ്ട് അനില്‍കുമാര്‍ തയാറാക്കിയ വസ്ത്രങ്ങള്‍ അക്കാലത്ത് തിരുവനന്തപുരത്തെ പല നര്‍ത്തകര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. ഇന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രഫഷണല്‍ നര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അനില്‍കുമാറിനെ തേടി പൂജപ്പുരയിലെ സൗപര്‍ണികയില്‍ എത്താറുണ്ട്.
നൃത്താധ്യാപികയായ ഭാര്യ സരസ്വതിക്കു വേണ്ടിയും നര്‍ത്തകരായ മക്കള്‍ക്കു വേണ്ടിയും അനില്‍കുമാര്‍ വസ്ത്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കലോത്സവ വേദയിലെ മിന്നും പ്രകടനത്തിന് അഞ്ചു മക്കള്‍ക്കും കൂട്ടായത് അച്ഛന് തയാറാക്കിയ വസ്ത്രങ്ങളാണ്.
മത്സരവേദികളില്‍ അവര്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. കലാക്ഷേത്രയില്‍ പഠിച്ചിറങ്ങിയ മകള്‍ സൗപര്‍ണിക ഇപ്പോള്‍ തിരുവനന്തപുരം സംഗീത കോളജിലെ പിജി വിദ്യാര്‍ഥിയാണ്. തൊട്ടു താഴെയുള്ള മകള്‍ അപര്‍ണയും ഏറ്റവും ഇളയവളായ സുപര്‍ണയും നൃത്താധ്യാപകരാണ്.
കലയുടെ ലോകത്ത് ജീവതമാര്ഗവും സന്തോഷവും കണ്ടെത്തുന്ന ഈ കലാകുടുംബത്തെ പക്ഷേ അനില്‍കുമാറിന്റെ മുത്ത മകന് രാഹുലിന്റെ മരണം തളര്‍ത്തി. സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുടിക്ക് രണ്ടാം സ്ഥാനമുള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച രാഹുല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.
നൃത്തത്തിനു പുറമെ കായികരംഗത്തും സജീവമായിരുന്ന രാഹുല്‍ കളിക്കളത്തില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.
ഇളയ മകന് രാജേഷിനും കുടുംബത്തിനുമൊപ്പം പൂജപ്പുരയിലാണ് ഇപ്പോള്‍ അനില്‍കുമാറും ഭാര്യ സരസ്വതിയും താമസിക്കുന്നത്. മകന്റെ വിയോഗമുണ്ടാക്കിയ സങ്കടത്തില്‍ നിന്ന് മുക്തനായിട്ടില്ലെങ്കിലും തന്നെ തേടിയെത്തുന്ന മത്സരാര്‍ഥികള്‍ക്കായി അദ്ദേഹം വീണ്ടും വസ്ത്ര നിര്‍മാണത്തില്‍ സജീവമായി.
വസ്ത്ര നിർമാണത്തിൽ മാത്രമല്ല, ക്ഷേത്രങ്ങളിലേക്കുള്ള ഉടയാടകളും കൊടിക്കൂറകളും തയാറാക്കുന്നതിലും അനിൽ കുമാർ വിദഗ്ധനാണ്. തലസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങൾക്കു വേണ്ടി അനിൽ തൻ്റെ കലാചാതുരി കാണിക്കയായി നൽകിയിട്ടുമുണ്ട്.
കലയുടെ പൂരാവേശവുമായി മറ്റൊരു പൊങ്കാല മഹോത്സവം കൂടി വന്നു ചേർന്നപ്പോൾ നൃത്ത ചമയങ്ങളിലെ ‘അനില്‍കുമാര്‍ ടച്ച്’ ഇക്കുറിയും വേദികളില്‍ നിറഞ്ഞാടും.
സ്വന്തം ലേഖകന്‍
