പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍ എംഎല്‍എ പുതുപ്പള്ളി മണ്ഡലത്തെ വികസനമുരടിപ്പിന്റെ കേന്ദ്രമാക്കി മാറ്റിയെന്നാരോപിച്ച് എന്‍ഡിഎ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്പന് ട്വിസ്റ്റ്. മാര്‍ച്ചിനെ സ്വീകരിക്കാന്‍ ചെന്ന എംഎല്‍എ ചാണ്ടി ഉമ്മന്‍ പോലീസിനോട് ആരെയും തടയരുതെന്നും അവര്‍ വന്നോട്ടെ എന്നും പറയുകയായിരുന്നു.
എന്‍ഡിഎ പ്രവര്‍ത്തകര്‍ മാര്ച്ചുമായെത്തിയതോടെ പതിവുപോലെ ഓഫീസിനടുത്ത് പോലീസ് തടഞ്ഞു. മാര്‍ച്ചിലെ മുദ്രാവാക്യം വിളിയും പ്രസംഗങ്ങളുമെല്ലാം കേട്ടുനിന്ന ചാണ്ടി ഉമ്മനൊപ്പം പ്രവര്‍ത്തകരുമുണ്ടായിരുന്നു. ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ മാര്‍ച്ച് അവസാനിച്ചതോടെ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഹസ്തദാനവും കുശലാന്വേഷണവുമായി ചാണ്ടി ഉമ്മനെത്തി. ഉദ്ഘാടകനും ബിജെപി നേതാവുമായ എന്‍.ഹരിയോടും എംഎല്‍എ സംസാരിച്ചു.ഞങ്ങള്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെക്കൂടി എംഎല്‍എ ശ്രദ്ധിക്കണമെന്നായി ഒരു ബിജെപി പ്രവര്ത്തകന്.
പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ഞങ്ങള്‍ക്കെതിരേ കേസ് വരുമെന്നായി മറ്റൊരു ബിജെപി പ്രവര്ത്തകന്. ആരുടെ പേരിലും കേസെടുക്കരുതെന്ന് ഉടൻതന്നെ എംഎല്‍എ പോലീസിന് നിര്‍ദേശം നല്കി. പിന്നാലെയാണ് എന്‍ഡിഎ നേതാക്കള്‍ക്ക് അമളി മനസിലായത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഗോ ബാക്ക് എന്നായി പിന്നീടുള്ള മുദ്രാവാക്യം.
വീണാ ജോര്‍ജിന് സമാനമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചാണ്ടി ഉമ്മന്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച ചാണ്ടി ഉമ്മനെതിരേ കേസെടുക്കണമെന്നും പോലീസ് ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി നേതാവ് എന്‍.ഹരി പറഞ്ഞു. എന്നാല്‍ സംഭവങ്ങളോട് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചില്ല.
