പരവൂർ: പുതുതായി രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ റേക്കുകൾ കൂടി ഈ മാസം അവസാനത്തോടെ പുറത്തിറക്കാൻ റെയിൽ മന്ത്രാലയം. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറയിൽ ഈ റേക്കുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. അവസാന വട്ട സാങ്കേതിക പരിശോധനകൾ നടന്നുവരികയാണെന്ന് ഐസിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ രാജ്യത്ത് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഹൗറ – ഗുവഹാത്തി റൂട്ടിലാണ് ഈ ട്രെയിനുകൾ ഓടുന്നത്. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ആയ ഇവ 2026 ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഈ സ്ലീപ്പർ ട്രെയിൻ ചെന്നൈ ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡാണ് നിർമിച്ചത്. ഇതിൽ 11 തേർഡ് ഏസി , നാല് സെക്കന്റ് ഏസി, ഒരു ഫസ്റ്റ് ക്ലാസ് ഏസി എന്നിവ ഉൾപ്പെടെ ആകെ 16 കോച്ചുകളാണ് ഉള്ളത്.
ഇതിൽ 823 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ഉള്ളത്. തേർഡ് ഏസിയിൽ 611 പേർക്കും സെക്കന്റ് ഏസിയിൽ 188 പേർക്കും ഫസ്റ്റ് ഏസിയിൽ 24 പേർക്കും സീറ്റുകൾ ഉണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ആണിത്.
ഈ മാസം അവസാനം പുറത്തിറക്കുന്ന രണ്ട് റേക്കുകളിൽ നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി കുറെകൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഐസിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് കൂടാതെ 24 റേക്കുകൾ ഉള്ള വന്ദേ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പുകളും ചെന്നൈ ഐസിഎഫിൽ ആരംഭിച്ച് കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഇത്തരത്തിലുള്ള 50 റേക്കുകൾ നിർമിക്കാനാണ് റെയിൽ മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്.
ആദ്യ റേക്കിന്റെ പ്രോട്ടോടൈപ്പ് 2026 ഡിസംബറോടെ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ റേക്കുകളിൽ കൂടുതൽ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും മികച്ച ഓൺ ബോർഡ് സേവനങ്ങളും ഉണ്ടായിരിക്കും. 17 തേർഡ് ഏസി, അഞ്ച് സെക്കന്റ് എസി, രണ്ട് ഫസ്റ്റ് എസി കോച്ചുകളായിരിക്കും ഈ ട്രെയിനിൽ ഉണ്ടാകുക. ഇവയുടെ എണ്ണത്തിൽ നേരിയ മാറ്റം വരുത്താനും സാധ്യതയുണ്ടെന്ന് ഐസിഎഫ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
എസ്.ആർ. സുധീർ കുമാർ
