മുംബൈ: ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം ഏഷ്യയിലെ മൂന്നാമത്തെ വലിയ സന്പദ്്വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഇതോടെ വിപണി ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്നു മാത്രമല്ല, യുഎസ് ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മർദം വർധിപ്പിക്കുകയും ചെയ്യും.
യുഎസ്- ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരേയുള്ള യുദ്ധം പത്താം ദിവസത്തേക്കു കടന്നിരിക്കുകയാണ്. ഇതോടെ എണ്ണവില കുതിച്ചുയർന്നു. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളർ കടന്നു. പശ്ചിമേഷ്യയിൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതും മധ്യേഷ്യയിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ചതുമാണ് വില വർധനയ്ക്കു കാരണമാകുന്നത്.
ഓഹരിവിപണികൾ കൂപ്പുകുത്തി
ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയ്ക്ക് വലിയ തകർച്ചയാണ് ഇന്നലെയുണ്ടായത്. നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് 24,028.05 എന്ന 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ക്ലോസ് ചെയ്തു. വിപണിയിലെ ചാഞ്ചാട്ടം 21 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു. ബിഎസ്ഇ സെൻസെക്സ് 1.71 ശതമാനം താഴ്ന്ന് 77,566.16 എന്ന 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിനുശേഷം പ്രധാന സൂചികകൾ ഏകദേശം 4.6 ശതമാനം ഇടിഞ്ഞു.
എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അത് പലിശനിരക്ക് വർധിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള ആശങ്കയെത്തുടർന്ന് മറ്റ് ഏഷ്യൻ ഓഹരി വിപണികളിലും വാൾസ്ട്രീറ്റ് ഫ്യൂച്ചേഴ്സിലും ഇടിവുണ്ടായി.
വിപണിയിൽ ആകെ തകർച്ച
പ്രധാനപ്പെട്ട 16 മേഖലകളിൽ 15 എണ്ണത്തിലും ഇടിവുണ്ടായി. സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 2.22%, 1.97% എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി.
ബിഎസ്ഇ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം മുൻ സെഷനിലെ 450 ലക്ഷം കോടി രൂപയിൽനിന്ന് 441 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരൊറ്റ ട്രേഡിംഗ് സെഷനിൽ നിക്ഷേപകർക്ക് ഒന്പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ 53 പൈസയുടെ നഷ്ടത്തിൽ 92.35ലേക്കു കൂപ്പുകുത്തിയാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നതിനെത്തുടർന്ന് ഡോളറിനുള്ള ആവശ്യകത വർധിച്ചതാണ് രൂപയുടെ ഇടിവിനു കാരണമായത്.
വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റവും രൂപയ്ക്കു തിരിച്ചടിയാകുന്നു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 21000 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
