തലശേരി: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ നഗരത്തിൽ പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ എട്ടംഗസംഘം പീഡിപ്പിച്ചു. ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത് ആൺസുഹൃത്താണ്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ ആൺസുഹൃത്ത് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തന്റെ സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയായിരുന്നു.
രണ്ടരമാസം നീണ്ടുനിന്ന പീഡനത്തിനിരയായ പെൺകുട്ടി നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.
മാളിൽ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായ 19 കാരനാണ് പെൺകുട്ടിയെ ഉപയോഗിച്ച ശേഷം സുഹൃത്തുക്കൾക്ക് പങ്കുവച്ചത്. മാഹി, കണ്ണൂർ, പയ്യാമ്പലം തുടങ്ങി മൂന്ന് സ്ഥലങ്ങളിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി ഡോക്ടർക്ക് നൽകിയ മൊഴിയിലാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മൂന്ന് സ്ഥലങ്ങളിൽ നന്ന പീഡനങ്ങൾക്ക് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ് രണ്ട് പ്രതികളെ ഉടൻ തന്നെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാൻ വ്യാപകമായ റെയ്ഡ് നടത്തി വരികയാണെന്നും അറിയുന്നു.
