തെന്നിന്ത്യന്‍ താരജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവ്രകൊണ്ടയും തമ്മിലുള്ള വിവാഹവും അതിനു ശേഷമുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സിനിമാലോകത്തു നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ മാസം 26ന് ഉദയ്പൂരിലാണ് രാജകീയ ശൈലിയിലുള്ള വിവാഹം നടന്നത്.
ഇവരുടെ വിവാഹ ചിത്രങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. രാജാവിനെയും രാജ്ഞിയെയും അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വേഷവിധാനങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. നവദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ലക്ഷക്കണക്കിന് ആരാധകരിലേക്ക് എത്തിയത്.
വിവാഹ ചിത്രങ്ങളില്‍ രശ്മികയും വിജയും നിരവധി ആഭരണങ്ങള്‍ ധരിച്ചിരുന്നതായി കാണാം. എന്നാലിപ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ പോയത് ഇരുവരും വിരലുകളില്‍ അണിഞ്ഞിരിക്കുന്ന ഒരേപോലുള്ള മനോഹരമായ വിവാഹ മോതിരങ്ങളിലാണ്. പ്രമുഖ ജ്വല്ലറി വിദഗ്ധരുടെ അഭിപ്രായത്തില്‍ ലോകപ്രശസ്ത ബ്രാന്‍ഡായ ടിഫാനി ആന്‍ഡ് കോയുടെ കളക്ഷനില്‍ നിന്നുള്ള മോതിരങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്.
ടിഫാനിയുടെ “സിക്സ്റ്റീന്‍ സ്റ്റോണ്‍’ എന്ന ആഡംബര ശേഖരത്തിലുള്ളതാണ് ഈ മോതിരങ്ങള്‍. വജ്രങ്ങള്‍ പതിപ്പിച്ച പ്ലാറ്റിനം ബാന്‍ഡും സ്വര്‍ണവും ചേര്‍ന്നതാണ് ഇതിന്റെ നിര്‍മാണം. ഇതിഹാസ ഡിസൈനര്‍ ജീന്‍ ഷ്ളംബര്‍ഗര്‍ 1959ല്‍ രൂപകല്പന ചെയ്ത ഈ മോതിരം സ്നേഹത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.
തുണിത്തരങ്ങളിലെ ക്രോസ്-സ്റ്റിച്ച് മാതൃകയില്‍ നിന്നാണ് ഇതിന്റെ ഡിസൈന്റെ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ രണ്ട് മോതിരങ്ങള്‍ക്കുമായി ഏകദേശം 30 ലക്ഷം രൂപ വില വരും. ഇതില്‍ പ്ലാറ്റിനം-യെല്ലോ ഗോള്‍ഡ് പതിപ്പിന് മാത്രം ഏകദേശം 15.6 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. ഇതിന്റെ തീരെ കനം കുറഞ്ഞ മോഡലിനു തന്നെ പത്തു ലക്ഷത്തിലേറെ രൂപ വില വരും.
സാധാരണയായി ഇന്ത്യന്‍ വരന്മാര് സ്വര്‍ണ മോതിരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍, ഇവിടെ വിജയ് ദേവരകൊണ്ട വജ്രങ്ങള്‍ പതിച്ച മോതിരമാണു തെരഞ്ഞെടുത്തത്. ഇരുവരും ഒരേ പോലെയുള്ള മോതിരങ്ങള്‍ അണിഞ്ഞത് താരങ്ങളുടെ പരസ്പരമുള്ള സ്നേഹവും ആധുനികമായ കാഴ്ചപ്പാടും വ്യക്തമാക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു.
വിവാഹത്തിനായുള്ള ടെംപിള്‍ ജ്വല്ലറി ആഭരണങ്ങള്‍ ഒരുക്കാന്‍ “ശ്രീ ജ്വല്ലേഴ്സ്’ ഏകദേശം പത്തു മാസത്തോളം സമയമെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്ന ഈ വിവാഹം സിനിമാ ലോകത്തെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒന്നായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
