തെലുങ്ക് സിനിമയിലെ ശ്രദ്ധേയയായ നടിയാണ് ലാവണ്യ ത്രിപാഠി. മോഡലിംഗിലൂടെയാണ് ലാവണ്യ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ ഒരു തമിഴ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
അടുത്തയിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകന് എന്നെ അസ്വസ്ഥയാക്കുന്ന തരത്തില്‍ പെരുമാറി. ഇത് ശരിയല്ലെന്ന് തോന്നിയതിനെത്തുടര്‍ന്ന് ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു.
എന്റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും എനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്ന് ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും സഹായം ചോദിച്ചില്ല.
പക്ഷേ ആ സമ്മര്‍ദം കാരണം, ഒരുദിവസം ഞാന്‍ വീട്ടിലിരുന്നു കരഞ്ഞു. സാധാരണ ഞാന്‍ കരയാറില്ല. കരഞ്ഞതിന് ശേഷം ഞാന്‍ എഴുന്നേറ്റ് ഒരുചായ ഉണ്ടാക്കി കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. കരയുന്നത് നല്ലതാണ്, പ്രശ്നമില്ല. ഞാന്‍ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്.
ഇതെല്ലാം നിങ്ങളെ വളരെ ശക്തരാക്കുന്നു. എനിക്ക് ആ വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സുഖമായി തോന്നിയില്ല. അതുകൊണ്ട് ഞാന്‍ “ഇല്ല’ എന്ന് പറഞ്ഞു. അതിനുശേഷവും അവര്‍ എന്നെ ശല്യപ്പെടുത്തി. നിങ്ങള്‍ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ മുന്നോട്ട് തന്നെ നീങ്ങുക എന്ന തത്വമാണ് ഞാന്‍ സ്വീകരിച്ചത് എന്ന് ലാവണ്യ ത്രിപാഠി വ്യക്തമാക്കി.
