മറ്റത്തൂര്‍: വേനല്‍ക്കാലത്ത് ജലക്ഷാമംനേരിടുന്ന മുരിക്കുങ്ങല്‍ പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് മുപ്പതുവര്‍ഷംമുമ്പ് ലക്ഷക്കണക്കിന് രൂപ ചെലഴിച്ച് നിര്‍മിച്ച മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍പദ്ധതി വീണ്ടെടുക്കാനാവാത്തവിധം നശിക്കുന്നു.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് രണ്ടുവര്‍ഷംമുമ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മുരിക്കുങ്ങല്‍ ഐഎച്ച്ഡിപി കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവും ജലസേചനസൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി രൂപം നല്‍കിയത്.
പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിക്ക് തുടക്കത്തില്‍ 25 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തിലെ അഞ്ചാംവാര്ഡില്പെടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ഈ പദ്ധതിക്കായി കോടാലി പാടശേഖരത്തോടുചേര്ന്ന് വെള്ളിക്കുളം വലിയതോടിന്റെ കരയിലാണ് പമ്പുഹൗസും കുളവും നിര്‍മിച്ചത്.
വേനലില്‍ പമ്പിംഗിനാവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിനാണ് തോടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് കുളവും പമ്പുഹൗസും പണി കഴിച്ചത്. മുരിക്കുങ്ങല്‍ ഗ്രാമമന്ദിരത്തിനുസമീപം ഉയര്‍ന്ന സ്ഥലത്ത് ജലസംഭരണിയും നിര്‍മിച്ചു. എന്നാല്‍ സമയബന്ധിതമായി പൈപ്പുലൈനിന്റെ പണികള്‍ പൂര്‍ത്തീകരിക്കാനാവാതെ വന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ കാലതാമസമുണ്ടായി.
പദ്ധതിക്കായി വാങ്ങിയ പൈപ്പുകള്‍ വര്‍ഷങ്ങളോളം വെയിലും മഴയുമേറ്റ് കിടന്നു. പിന്നീട് പൈപ്പ് ലൈനിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പൈപ്പിലെ ചോര്‍ച്ചമൂലം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നു. വര്‍ഷങ്ങളോളം പ്രവര്‍ത്തനമില്ലാതെ കിടന്നതിന്റെ ഫലമായി പമ്പ് ഹൗസിന്റെ ഭിത്തി ഇടിഞ്ഞുവീണും മോട്ടോറും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്തും നശിച്ചു.
ഈയിടെ അന്തരിച്ച പൊതുപ്രവര്‍ത്തകനായ ആന്റു ചെമ്മിഞ്ചേരി മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവര്ത്തനക്ഷണമാക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങി. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസിലും ആന്റു ചെമ്മിഞ്ചേരി പദ്ധതിക്കായി നിവേദനം നല്‍കിയിരുന്നു.
പട്ടികജാതി വികസനത്തിനായുള്ള പ്രത്യേക ഫണ്ടോ, ധനകാര്യ കമ്മീഷന് വിഹിതമായ ടൈഡ് ഫണ്ടോ ഉപയോഗപ്പെടുത്തി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന ഉറപ്പ് പിന്നീട് അധികൃതരില്‍നിന്ന് ലഭിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. കെടുകാര്യസ്ഥതയുടേയും ആസൂത്രണവൈകല്യത്തിന്റേയും പ്രതീകമായി കോടാലിപാടത്തിന്റെ കരയില്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ് പദ്ധതിയുടെ തുരുമ്പിച്ച പമ്പ് ഹൗസ്.
