ചോറ് കഴിക്കണമെങ്കിൽ ഫോൺ വേണമെന്ന് വാശി പിടിക്കുന്ന തലമുറയാണ് ഇന്ന് വളർന്ന് വരുന്നത്. ചെറുപ്രായത്തിൽത്തന്നെ കുഞ്ഞുങ്ങളിൽ ഫോണിന്റെ ഉപയോഗം വർധിച്ചാൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും.
ഇപ്പോഴിതാ കുട്ടികൾക്കിടയിലെ സ്മാർട്ട്ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ അടിമത്തവും കുറയ്ക്കുന്നതിനായി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ നൂറുകണക്കിന് കൗമാരക്കാരെ ഉൾപ്പെടുത്തി വിപുലമായ പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ച മൂന്ന് മാസത്തെ വിപുലമായ കൺസൾട്ടേഷന്റെ ഭാഗമാണിത്. 300-ഓളം കൗമാരക്കാരുടെ വീടുകളിൽ സോഷ്യൽ മീഡിയ നിരോധനം, രാത്രികാല ഡിജിറ്റൽ കർഫ്യൂ, സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ എന്നിവ പരീക്ഷിക്കും. ഇത് കുട്ടികളുടെ ഉറക്കം, മാനസികാരോഗ്യം, പഠനം എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കും.
ഓസ്ട്രേലിയ നടപ്പിലാക്കിയ മാതൃകയിൽ 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കുന്ന കാര്യത്തിൽ മേയ് 26-ഓടെ തീരുമാനമുണ്ടാകും. ഇൻഫിനിറ്റ് സ്ക്രോളിംഗ് പോലുള്ള അഡിക്റ്റീവ് ഫീച്ചറുകൾ ഒഴിവാക്കാനും, എ.ഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും നിർദേശമുണ്ട്.
‘ചിൽഡ്രൻസ് വെൽബീയിംഗ് ആൻഡ് സ്കൂൾസ് ബില്ലി’ൽ ആവശ്യമായ ഭേദഗതികൾ വരുത്തി സർക്കാരിന് ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകും. മാർച്ച് ഒൻപതിന് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ നേരിട്ടുള്ള നിരോധനത്തിന് പകരം സർക്കാരിന് നിയന്ത്രണാധികാരം നൽകുന്ന ഭേദഗതിയാണ് സ്വീകരിച്ചത്.
