ചേട്ടന്മാരുമായി എനിക്ക് നല്ലൊരു ബോണ്ടിംഗ് ഉണ്ടായിരുന്നു. ഞാൻ കണ്ടുപിടിക്കുന്ന ആളെയാണോ അതോ അച്ഛൻ കണ്ടുപിടിക്കുന്ന ആളെയാണോ നീ വിവാഹം കഴിക്കുകയെന്ന് ചേട്ടൻ എന്നോട് ചോദിക്കുമായിരുന്നു. ചേട്ടൻ കണ്ടുപിടിക്കുന്ന ആളെ എന്നതായിരുന്നു എപ്പോഴും എന്റെ മറുപടി. അതുപോലെ തന്നെ സംഭവിച്ചു. അദ്ദേഹം കണ്ടുപിടിച്ചയാളാണ് ശരത്തേട്ടൻ. ഗൾഫിൽ ഒരു റസ്റ്ററന്റിൽ വച്ചാണ് ശരത്തേട്ടനെ എന്റെ ചേട്ടൻ വേണു ആദ്യമായി കാണുന്നത്.
മലയാളികൾ എന്ന രീതിയിൽ സംസാരിച്ച് തുടങ്ങി. അങ്ങനെ പരിചയം സൗഹൃദമായി വളർന്നു. ചേട്ടനൊപ്പമാണ് ആദ്യമായി എന്റെ ഒരു ഡാൻസ് ശരത്തേട്ടൻ കാണുന്നത്. അന്ന് 24 വയസേ അദ്ദേഹത്തിനുള്ളു. ഒരു പെൺകുട്ടിയെ കണ്ടുവെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമ്മയോട് അദ്ദേഹം വിളിച്ച് പറഞ്ഞു.
ഇരുപത്തിനാലുകാരന്റെ തോന്നൽ എന്ന രീതിയിലാണ് അമ്മ അന്ന് അതിനെ സ്വീകരിച്ചത്. പക്ഷേ, പിന്നീട് അദ്ദേഹം എന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്റെ ചേട്ടനോട് പറഞ്ഞു. ശരത്തേട്ടൻ വളരെ ഡിസിപ്ലിനൊക്കെയുള്ള ആളാണ്. അദ്ദേഹത്തെ എന്റെ ചേട്ടനും ഇഷ്ടമായിരുന്നു. അങ്ങനെ വിവാഹ ആലോചനയിലേക്ക് കാര്യങ്ങൾ എത്തി. ശരത്തേട്ടൻ ആദ്യം എന്നെ കാണാൻ വന്നിരുന്നില്ല.
മാതാപിതാക്കൾ വീട്ടിൽ വരികയും മൂന്ന്, നാലുദിവസം താമസിക്കുകയും ചെയ്തു. വിവാഹത്തിന് കുറച്ച് ദിവസം മുമ്പാണ് ഞാൻ ശരത്തേട്ടനെ നേരിൽ കാണുന്നത്. ഒരുവർഷം കാണാതെ തന്നെ നന്നായി പ്രണയിച്ചു. നിരന്തരമായി കത്തെഴുതുമായിരുന്നു. വളരെ റൊമാന്റിക്കായ കാലഘട്ടമായിരുന്നു. ഇപ്പോഴും ഞങ്ങൾ വളരെ റൊമാന്റിക്കാണ്. അന്ന് തൊട്ട് ഇന്ന് വരെ ശരത്തേട്ടനോട് സംസാരിക്കാത്ത ഒരു ദിവസം എനിക്കുണ്ടായിട്ടില്ല.
-ആശ ശരത്
