മുംബൈ: പ്രണയം എതിർത്ത പോലീസുകാരനായ പിതാവിനെ വിഷം കൊടുത്തു കൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥയായ മകളും ഭർത്താവും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ 2023 ഏപ്രിൽ 25നായിരുന്നു സംഭവം.
ഹെഡ് കോൺസ്റ്റബിൾ ജയന്ത് ബല്ലാവർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആര്യ, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിർത്തതിന് പിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഡ്യൂട്ടിക്ക് പോകാനൊരുങ്ങിയ പിതാവിന് ആര്യ വിഷം കലർത്തിയ മിൽക്ക് ഷേക്ക് നൽകുകയായിരുന്നു.
ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ ജയന്ത്, ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരിച്ചു. പെട്ടെന്നുണ്ടായ അസുഖം കാരണമാണ് മരണം എന്നാണ് ആദ്യം മരണകാരണമായി രേഖപ്പെടുത്തിയത്. കുറ്റകൃത്യമൊന്നും സംശയിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു.
ആര്യ ബല്ലാവർ 2022 മുതൽ പോലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവർ ഈ ബന്ധത്തെ എതിർത്തിരുന്നു. തുടർന്ന് പിതാവിനെ ഇല്ലാതാക്കാൻ ആര്യയും ആശിഷും തീരുമാനിച്ചു.
വിഷം വാങ്ങാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗേദമിനെ ബന്ധപ്പെടുകയും 5,000 രൂപ നൽകുകയും ചെയ്തു. ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. എന്നാൽ വിവാഹജീവിതം പെട്ടെന്ന് വഷളായി.
അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷിന്റെ പോലീസ് പരിശീലനം നിർത്തലാക്കി. ഭർതൃഗൃഹത്തിലേക്ക് താമസം മാറുന്നതിനു പകരം സ്വന്തം വീട്ടിൽ താമസിക്കാൻ ആര്യ തീരുമാനിച്ചു. ഈ വിഷയങ്ങളിൽ ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു.
ഇതോടെയാണ് കഴിഞ്ഞയാഴ്ച, ആശിഷ് പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ചത്. മൂന്നു വർഷം മുൻപ് തന്റെ ഭാര്യ പിതാവിന് വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നും, ആ കൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും, വിഷം സഹോദരപുത്രൻ വഴിയാണ് ലഭ്യമാക്കിയതെന്നും കുറ്റസമ്മതം നടത്തി. പിന്നാലെ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
