ആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ. കോളനിയിൽ അശോകന്റെ മകൻ അരുൺ കിച്ചു (മൊട്ട അരുൺ)വിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ചത്.
കേസിലെ മറ്റു പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
ആലപ്പുഴ ഡിവൈഎസ്പി ജി.ബി. മുകേഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ്. വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അരുണിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
