അമരാവതി: വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മുളഗമ്മി വെള്ളച്ചാട്ടമാണ് മൂന്ന് പെൺകുട്ടികളുടെ ജീവനെടുത്തത്.
ഹുക്കുംപേട്ട മണ്ഡലിലെ ജംബുലവലസ ഗ്രാമത്തിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയതായിരുന്നു നാൽവർ സംഘം. വെള്ളച്ചാട്ടത്തിന് സമീപത്തെ വഴുക്കുള്ള പാറകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റി നാലുപേരും വെള്ളത്തിൽ വീഴുകയായിരുന്നു. ആർക്കും നീന്തൽ അറിയില്ലാതിരുന്നതും ശക്തമായ അടിയൊഴുക്കും സ്ഥിതി കൂടുതൽ വഷളാക്കി.
നിലവിളി കേട്ടെത്തിയ നാട്ടുകാർ ഒരു പെൺകുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവർ കുത്തൊഴുക്കിൽപ്പെട്ട് മരിച്ചു.
പിന്നീട് പോലീസ് സംഘമെത്തിയാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ അപകടകാരിയല്ലെന്ന് തോന്നുമെങ്കിലും, മുളഗമ്മി വെള്ളച്ചാട്ടത്തിലെ പാറകൾ അതിഭയങ്കരമായ വഴുക്കുള്ളതാണെന്നും അടിയൊഴുക്ക് പ്രവചനാതീതമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വിനോദസഞ്ചാരികൾ ജലാശയങ്ങൾക്ക് സമീപം പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും, അപകടകരമായ രീതിയിൽ സെൽഫി എടുക്കാൻ മുതിരരുതെന്നും പോലീസ് അറിയിച്ചു.
