ന്യൂഡൽഹി: കേന്ദ്രബജറ്റിൽ വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിന് മതിയായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. എയിംസ് ഇത്തവണയെങ്കിലും അനുവദിക്കപ്പെടുമെന്നതായിരുന്നു കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഇതിനുവേണ്ടി കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുത്ത് സജ്ജമാക്കിയിട്ടും ബജറ്റിൽ തുക വകയിരുത്താത്തത് സംസ്ഥാനത്തിന് കനത്ത നിരാശയായി.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് ഏതാനും ടൂറിസം പദ്ധതികളാണ്. പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്ത വിനോദസഞ്ചാരവും മുൻനിർത്തി ഒഡീഷ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളിൽ ടർട്ടിൽ ട്രയൽസ്’ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കടലാമകൾ പ്രധാനമായും മുട്ടയിടാൻ എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംരക്ഷണ പാതകൾ ഒരുക്കുന്നത്.
അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് മറ്റൊരു ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.
റിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്.
