മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരമാണു സംഭവം. ഇലക്ട്രിക് പവർ ഹൗസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായത്. ഏകദേശം മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
എമർജനസി റെസ്പോൺസ് ടീമും മുംബൈ ഫയർ ബ്രിഗേഡും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാത്രമായി തീ നിയന്ത്രിക്കാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വിമാനങ്ങൾ വൈകിയതായി ചില യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടുവെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
