അമ്പലപ്പുഴ: വേനൽച്ചൂടിൽ കരയും കടലും കരിയുന്നു. തീരദേശം വറുതിയിൽ. ചെറിയ വള്ളങ്ങളും പൊന്തുകളും കടലിൽ പോകുന്നുണ്ടെങ്കിലും നിരാശയോടെയാണ് കരയെത്തുന്നത്. ഇന്ധനച്ചെലവിനുള്ള മത്സ്യംപോലും കിട്ടുന്നില്ല.
ഒരാൾ പോകുന്ന പൊന്തുകാർക്കു കരയിൽനിന്ന് അധികം ദൂരത്തല്ലാതെ വല എറിഞ്ഞാൽ ചെറു കുട്ടൻ ലഭിക്കുന്നുണ്ടെങ്കിലും ഇതിന് ആവശ്യക്കാർ ഇല്ലാത്തതും തിരിച്ചടിയായി. തോട്ടപ്പള്ളി, പുറക്കാട്, കരൂർ, കോമന, മാധവൻമുക്ക്, പുന്നപ്ര ചള്ളി, സമരഭൂമി നർബോന, പറവൂർ, വാടക്കൽ അടക്കം ജില്ലയുടെ തീരത്തുനിന്നു നൂറുകണക്കിനു മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പൊന്തിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
കനത്ത വെയിലിൽ കടൽജലം ചൂടായതോടെ മീനുകൾ ആഴങ്ങളിൽ ഒളിച്ചതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇടയ്ക്ക് ഒന്നു രണ്ടു കനത്ത മഴ ലഭിച്ചാൽ മത്സ്യങ്ങൾ ജലോപരിതലത്തിൽ എത്തും.
ജില്ലയുടെ തീരത്ത് മത്സ്യം ഇല്ലാതായതോടെ വിപണിയിൽ മീനിനു തീവിലയായി. അന്യ സംസ്ഥാനത്തു നിന്നാണ് വിപണിയിൽ മത്സ്യമെത്തുന്നത്. മത്സ്യക്ഷാമം രൂക്ഷമായതോടെ തോട്ടപ്പള്ളി ഹാർബറുകളുടെ അടക്കം പ്രവർത്തനവും മന്ദഗതിയിലായി.
