അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഇടതു മുന്നണി സ്ഥാനാർഥിക്ക് പരസ്യ പിന്തുണയും പ്രചാരണവുമായി എസ്ഡിപിഐ പഞ്ചായത്തംഗങ്ങളും പ്രവർത്തകരും. ജി. സുധാകരന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എസ്ഡിപിഐ പ്രവർത്തകർ മണ്ഡലത്തിലുടനീളം ഇടതു സ്ഥാനാർഥി എച്ച്. സലാമിനുവേണ്ടി പ്രചാരണത്തിനിറങ്ങിയത്.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നിലവിലെ ആറ് എസ്ഡിപിഐ പഞ്ചായത്തംഗങ്ങളും മുൻ അംഗങ്ങളും നേരിട്ടും ഫോണിലൂടെയുമാണ് എച്ച്.സലാമിനു വോട്ടു പിടിക്കാനിറങ്ങിയത്. എച്ച്. സലാം എസ്ഡിപിഐക്കാരനാണെന്ന് നേരത്തെതന്നെ ജി. സുധാകരൻ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണം കാര്യമായി പ്രതിരോധിക്കാൻ എച്ച്. സലാം തയാറായിട്ടില്ല.
കലാശക്കൊട്ടു ദിവസവും എസ്ഡിപിഐ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ സിപിഎം പ്രവർത്തകർക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഉയർന്ന പോളിംഗ് ശതമാനം ആർക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. എസ്ഡിപിഐക്ക് മേൽക്കൈയുള്ള പ്രദേശങ്ങളിൽ ഇവരുടെ നിയന്ത്രണത്തിലായിരുന്നു എച്ച്.സലാമിന് വേണ്ടി പ്രചാരണം നടന്നിരുന്നത്.
