തിരുവനന്തപുരം: സിനിമാതാരങ്ങളില്‍ നിന്ന് ചികിത്സാ ധനസഹായം വാങ്ങിനല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വൃക്കരോഗിയില് നിന്നും ഏഴു പവന് സ്വര്‍ണാഭരണവും 20000 രൂപയും കവര്‍ന്നു. സംഭവത്തില്‍ ദമ്പതിമാരായ സനല്‍, മഞ്ചു എന്നിവര്‍ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. പത്തനംതിട്ട വടശേരിക്കര സ്വദേശിയും 46 കാരനുമായ ജയകുമാറില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തത്. വൃക്ക ആവശ്യമുണ്ടെന്ന് കാണിച്ച് മാസങ്ങള്‍ക്ക് മുമ്പ് ജയകുമാര്‍ പത്രപരസ്യം നല്‍കിയിരുന്നു.
ഇതിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് താരങ്ങളില്‍ നിന്ന് ചികിത്സാ ധനസഹായം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത്. നടന് മോഹന്‍ലാല്‍ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലുണ്ടെന്ന് പറഞ്ഞതനുസരിച്ച് ദമ്പതിമാര്‍ ഇന്നലെ തലസ്ഥാനത്തെത്തി. എന്നാല്‍ ഹോട്ടലിന് മുന്നിലെത്തിയ ജയകുമാറില്‍ നിന്നും സ്വര്‍ണവും പണവും അടങ്ങിയ ബാഗ് ദമ്പതികള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ ജയകുമാറും ഭാര്യയും മ്യൂസിയം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.