കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടപ്പള്ളി സ്വദേശിനിയായ കമലാക്ഷിയെ ബസ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനൊപ്പം ആണ് കമലാക്ഷി ബസ്റ്റാന്‍ഡില്‍ എത്തിയതെന്നാണ് മകന് പോലീസിനെ അറിയിച്ചത്. ഓര്‍മക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന ആളാണ് കമലാക്ഷി. ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ ബസ് സ്റ്റാന്‍ഡില്‍ കമലാക്ഷി ഒറ്റയ്ക്കിരുന്നു. രാത്രിയോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.
ആദ്യം കെഎസ്ആര്‍ടിസി ജീവനക്കാരും പിന്നീട് പോലീസും കമലാക്ഷിയോട് സംസാരിച്ചു. തനിക്ക് ഓര്‍മക്കുറവുണ്ടെന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ തന്നെ ഉപേക്ഷിച്ചതാണെന്നുമാണ് വയോധിക പോലീസിനോട് പറഞ്ഞത്.
ഇവരെ പോലീസ് പിന്നീട് സുരക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഈ സംഭവം വാര്‍ത്തയായത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് മകന് പോലീസിനെ സമീപിച്ചത്. മാതാപിതാക്കള്‍ പെന്ഷന് വാങ്ങാനായി എറണാകുളത്ത് എത്തിയതാണെന്നും അമ്മയെ ഉപേക്ഷിച്ചതല്ലെന്നും മകന് അറിയിച്ചു.
