മലപ്പുറം: പാങ്ങ് ജിഎൽപി സ്കൂളിൽ ഇനി ശേഷിക്കുന്നത് മൂന്ന് അധ്യാപകരും ഒരു പ്യൂണും മാത്രം. ഒറ്റദിവസം കൊണ്ട് അനാഥമായിരിക്കുകയാണ് ഈ സ്കൂൾ. പാങ്ങ് ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് സ്നേഹാക്ഷരങ്ങൾ പകർന്നു നൽകിയവരാണ് വാൽപാറ ദുരത്തത്തിൽ പൊലിഞ്ഞത്. പ്യൂണ്‍ ഗോപാലകൃഷ്ണൻ, എൽപി വിഭാഗം അധ്യാപിക ഹസ്നത്ത്, എൽകെജി അധ്യാപികമാരായ റസീന, യശോദ എന്നിവരാണ് ഇനിയുള്ളത്.
കുട്ടികളുമായും നാട്ടുകാരുമായുമൊക്കെ ഒരു കുടുംബം പോലെ സ്നേഹത്തോടെ പെരുമാറുന്നവരാണ് ഈ സ്കൂളിലെ അധ്യാപകരെന്ന് സ്കൂളിനു തൊട്ടടുത്ത വീട്ടിലെ നാസർ കിളിവീട്ടിൽ വിതുന്പി കൊണ്ടു പറഞ്ഞു. സമീപത്തെ വീടുകളിൽ എന്തു വിശേഷങ്ങളുണ്ടെങ്കിലും അധ്യാപകർ അവിടെയെത്തും. അത്രയ്ക്കും അടുപ്പമായിരുന്നു നാട്ടുകാരുമായി.
വേനൽഅവധിയാണെങ്കിലും ജോലി സംബന്ധമായ കാര്യങ്ങൾക്കായാലും അധ്യാപകർ പലപ്പോഴും സ്കൂളിലേക്ക് വരാറുണ്ട്. ഇതുപ്രകരം തിങ്കളാഴ്ച ബാക്കിയുള്ള ജോലികൾ തീർക്കാൻ സ്കൂളിലെത്താമെന്ന് അധ്യാപകർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
