ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കു തുറന്ന് ഇറാൻ. ഇതോടെ ഇന്ത്യ നേരിട്ടിരുന്ന കടുത്ത ഊർജപ്രതിസന്ധിക്കു വലിയ ആശ്വാസമാകും. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അന്പതു ശതമാനവും ആശ്രയിക്കുന്ന ജലപാതയാണ് ഹോർമുസ്. നിലവിൽ ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ നിലനിൽക്കുന്ന കാലയളവിൽ ഗതാഗതം അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
കഴിഞ്ഞ അന്പതു ദിവസമായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. ഹോർമുസ് കടലിടുക്കിനു പടിഞ്ഞാറു കുടുങ്ങിക്കിടക്കുന്ന പതിനഞ്ച് ഇന്ത്യൻ കപ്പലുകൾക്ക് ഇതോടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയും. അന്താരാഷ്ട്ര വിപണിയിൽ ചരക്കുനീക്കം തടസമില്ലാതെ ഉറപ്പാക്കണമെന്ന് ഇന്ത്യ നേരത്തെ ഇറാനോടും അമേരിക്കയോടും ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവു രേഖപ്പെടുത്തി. യുദ്ധം തുടങ്ങിയതോടെ ബാരലിന് 70 ഡോളറിൽനിന്ന് 119 ഡോളറിലേക്കു കുതിച്ച ബ്രെന്റ് ക്രൂഡ് വില നിലവിൽ 90 ഡോളറിൽ താഴെയെത്തി. ഇത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്കു സാമ്പത്തിക ആശ്വാസമായി.
ഹോർമുസ് കടലിടുക്ക് തുറന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു. എങ്കിലും ഇറാനുമായുള്ള അന്തിമ കരാർ പൂർത്തിയാകുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള യുഎസ് ഉപരോധം തുടരും. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കുമെന്ന് ഇറാൻ അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, ഇത്തരമൊരു ചർച്ച ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഇന്ത്യഅറിയിച്ചു.
ഇന്ത്യൻ കപ്പലുകൾക്കു സുരക്ഷയൊരുക്കാൻ ഒമാൻ ഉൾക്കടലിൽ ഇന്ത്യ യുദ്ധക്കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, യുദ്ധം പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദനകേന്ദ്രങ്ങൾക്കു വരുത്തിയ നാശം വിലയിരുത്താനും ഊർജലഭ്യത ഉറപ്പുവരുത്താനുമുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യ സജീവമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎഇയിലും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഖത്തറിലും സന്ദർശനം നടത്തി ചർച്ചകൾ തുടരുകയാണ്. ഇന്ധന വിതരണത്തിൽ പ്രതിസന്ധികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണു രാജ്യത്തിന്റെ ലക്ഷ്യം.
