ബംഗളൂരു: സഹപ്രവർത്തകനായ യുവാവിനെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി കാമുകി. യുവതിയുടെ ക്രൂരകൃത്യത്തിന് ഇരയായത് 27കാരനായ കിരൺ. സംഭവത്തിൽ തെക്കൻ ബംഗളൂരുവിലെ അഞ്ജനപുര സ്വദേശി പ്രേരണ പിടിയിൽ.
വേറിട്ട രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേനയാണ് കിരണിനെ പെൺസുഹൃത്തായ പ്രേരണ കസേരയിലിരുത്തി കെട്ടിയിട്ടത്. തുടർന്ന് കിരണിന്റെ കണ്ണുകളും കെട്ടി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ദേഹത്ത് കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തിയത്.
കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പോലീസ് പറഞ്ഞു. പ്രേരണയും കിരണും സഹപ്രവർത്തകരായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.
സമീപകാലത്തായി കിരൺ തനിക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും പ്രേരണയ്ക്ക് തോന്നിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കസ്റ്റഡിയിലെടുത്ത യുവതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
