ചെന്നൈ/കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ആദ്യഘട്ട പോളിംഗാണു നടക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ പവിത്രമായ കടമയിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനാധിപത്യം, സാമൂഹ്യനീതി, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭ്യർഥിച്ചു.
തമിഴ്നാട്ടിൽ ത്രികോണ മത്സരം
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 4,023 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. രാവിലെ ഏഴിനുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. ആകെ 5.73 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.63% ആയിരുന്നു പോളിംഗ്.
തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസും, ബിജെപിയുമായി സഖ്യം ചേർന്ന എഐഎഡിഎംകെയും, നടൻ വിജയ്യുടെ ടിവികെയും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണു നടക്കുന്നത്. തമിഴ്നാട് ഇതുവരെ കാണാത്ത തരത്തിലുള്ള ആവേശകരമായ വോട്ടെടുപ്പാണു നടക്കുന്നത്.
പ്രമുഖരുടെ അങ്കത്തട്ട്
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽനിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽനിന്നും ജനവിധി തേടുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തെ എടപ്പാടി മണ്ഡലത്തിലാണു മത്സരിക്കുന്നത്. രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ടു മണ്ഡലങ്ങളിൽനിന്നാണു മത്സരിക്കുന്നത് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
ദ്രാവിഡ മോഡൽ ഭരണവും ക്ഷേമപദ്ധതികളും ഉയർത്തിക്കാട്ടിയാണ് ഡിഎംകെ സഖ്യം വോട്ട് ചോദിക്കുന്നത്. കേന്ദ്ര സർക്കാരും തമിഴ്നാടും തമ്മിലുള്ള പോരാട്ടമായാണ് സ്റ്റാലിൻ ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം, ഡിഎംകെ സർക്കാർ കുടുംബവാഴ്ചയാണു നടത്തുന്നതെന്നും അഴിമതിയില്ലാത്ത ഭരണം കാഴ്ചവയ്ക്കുമെന്നും എഐഎഡിഎംകെ-ബിജെപി സഖ്യം വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായവും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുമാണ് എഐഎഡിഎംകെയും ബിജെപിയും പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.
ഡിഎംകെ 164 സീറ്റുകളിലും സഖ്യകക്ഷികൾ 70 സീറ്റുകളിലുമാണു മത്സരിക്കുന്നത്. എഐഎഡിഎംകെ 169 സീറ്റുകളിലും സഖ്യകക്ഷികൾ 65 സീറ്റുകളിലും പോരാട്ടത്തിനിറങ്ങുമ്പോൾ വിജയ്യുടെ ടിവികെ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്കാണു മത്സരിക്കുന്നത്. .
രാവിലെ തന്നെ പ്രമുഖർ വോട്ട് രേഖപ്പെടുത്താൻ എത്തിത്തുടങ്ങി.
ചെന്നൈയിലെ മൈലാപ്പൂരിൽ വോട്ട് രേഖപ്പെടുത്തിയ നടൻ കമൽഹാസൻ, ഡിഎംകെ സഖ്യത്തിന് രണ്ടാമതൊരു അവസരം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി നേതാവ് ഖുശ്ബു സുന്ദറും ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി.
ബംഗാളിൽ കനത്ത പോരാട്ടം
പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളിൽ 152 എണ്ണത്തിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്. നന്ദിഗ്രാം, വടക്കൻ ബംഗാളിലെ ഡാർജിലിംഗ്, സിലിഗുരി, ജൽപായ്ഗുരി, കൂച്ച് ബിഹാർ തുടങ്ങി നിർണായകമായ 16 ജില്ലകളിലായി 3.6 കോടി വോട്ടർമാരാണു വിധിയെഴുതുന്നത്. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.
കനത്ത പോരാട്ടം നടക്കുന്ന ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നൽകിയത്. മറുവശത്ത് മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ ആഴ്ചകൾ നീണ്ട റാലികളിലൂടെ വോട്ട് ഉറപ്പിക്കാമെന്ന പ്രതീക്ഷയാണ് തൃണമൂൽ കോൺഗ്രസിനുള്ളത്.
