വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ സംയുക്ത സൈനികനീക്കം നടത്തണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ യുഎസ് പ്രസിഡന്റുമാരായ ജോർജ് ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവർ തള്ളിക്കളഞ്ഞതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തി. എന്നാൽ, ഡോണൾഡ് ട്രംപ് ഈ നീക്കത്തിനു പച്ചക്കൊടി കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെറി.
ഇറാനെതിരായ യുദ്ധത്തിനു മുൻഗാമിമാരായ പ്രസിഡന്റുമാർ വിസമ്മതിച്ചതു സമാധാനപരമായ ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇനിയും സാധ്യതയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെറി വ്യക്തമാക്കി. ഒബാമയും ബുഷും ബൈഡനും നെതന്യാഹുവിനോട് “നോ’ പറഞ്ഞു.
ആ ചർച്ചകളുടെ ഭാഗമായിരുന്ന വ്യക്തിയാണു താനെന്നും കെറി കൂട്ടിച്ചേർത്തു. വിയറ്റ്നാം യുദ്ധത്തിലും ഇറാഖ് യുദ്ധത്തിലും സംഭവിച്ചതുപോലെ അമേരിക്കൻ ജനതയോടു കളവുപറഞ്ഞ് മക്കളെ യുദ്ധത്തിനു വിടാൻ ആവശ്യപ്പെടുന്നതു തെറ്റാണെന്നും കെറി ഓർമിപ്പിച്ചു.
ഇറാനിൽ ഭരണമാറ്റം എളുപ്പത്തിൽ സാധ്യമാകുമെന്നും ജനങ്ങൾ ഭരണകൂടത്തിനെതിരേ തിരിയുമെന്നും വിശ്വസിപ്പിച്ചാണ് നെതന്യാഹു ട്രംപിനെ യുദ്ധത്തിനായി പ്രേരിപ്പിച്ചത്. എന്നാൽ നെതന്യാഹുവിന്റെ പ്രവചനങ്ങൾ പാളിയെന്നും ഇറാനിൽ ഭരണമാറ്റമോ ആഭ്യന്തര കലാപമോ സംഭവിച്ചില്ലെന്നും കെറി ചൂണ്ടിക്കാട്ടി.
നെതന്യാഹുവിന്റെ യുദ്ധ താത്പര്യങ്ങളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. യുദ്ധത്തിലൂടെ ഭരണമാറ്റം എളുപ്പത്തിൽ സംഭവിക്കുമെന്ന നെതന്യാഹുവിന്റെ ശുഭാപ്തിവിശ്വാസത്തെ വാൻസ് ചോദ്യം ചെയ്തു. കാര്യങ്ങൾ ഇത്ര എളുപ്പമാകില്ലെന്ന കൃത്യമായ നിലപാട് വാൻസ് ഇസ്രായേൽ പ്രധാനമന്ത്രിയെ അറിയിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നെതന്യാഹുവിന്റെ കണക്കുകൂട്ടലുകൾ അതിശയോക്തി കലർന്നതാണെന്ന വാദം യുഎസ് ഉദ്യോഗസ്ഥർക്കിടയിലും ശക്തമാണ്. യുദ്ധത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ച് വൈസ് പ്രസിഡന്റ് കൃത്യമായ മുന്നറിയിപ്പു നൽകിയതായാണു സൂചന.
