ബോളിവുഡ് താരം അമീഷ പട്ടേൽ, തന്റെ മാതാപിതാക്കളുടെ വിവാഹ തിയതി നിശ്ചയിച്ചത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണെന്ന് വെളിപ്പെടുത്തി. തന്റെ അമ്മയും അച്ചനും തമ്മിൽ പരമ്പരാഗത ജാതകപൊരുത്തകെടുകൾ ഉണ്ടായിരുന്നതാണ് അതിനു കാരണമെന്നും അമീഷ വ്യക്തമാക്കി.
ഗാന്ധി കുടുംബവുമായുള്ള തന്റെ കുടുംബത്തിന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും തന്റെ ജനനത്തിനുശേഷം ഇന്ദിര ഗാന്ധിയാണ് ആദ്യം സന്ദർശിച്ചതെന്നും അമീഷ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് തന്റെ മാതാപിതാക്കളുടെ വിവാഹ തീയതി തിരഞ്ഞെടുത്തതെന്ന് അമീഷ കൂട്ടിചേർത്തു.
ഇന്ദിരാഗാന്ധിയുടെ അടുത്ത ഉപദേഷ്ടാവായ പ്രമുഖ കോൺഗ്രസ് ബാരിസ്റ്റർ നേതാവുമായ രജനി പട്ടേലിന്റെ ചെറുമകളാണ് അമീഷ പട്ടേൽ. അമീഷ ജനിച്ചപ്പോൾ ആശുപത്രിയിൽ അവരെ ആദ്യമായി സന്ദർശിച്ചത് ഇന്ദിരാഗാന്ധിയാണെന്ന് റിപ്പോർട്ടുകളുണ്ട്.
മുംബൈയിൽ നെഹ്റു പ്ലാനറ്റോറിയം നിർമ്മിച്ചത് രജനി പട്ടേലാണ്. നടിയുടെ കുടുംബവും ഗാന്ധി രാഷ്ട്രീയ കുടുംബവും തമ്മിലുള്ള പ്രൊഫഷണൽ ബന്ധങ്ങൾക്കപ്പുറം, ദീർഘകാലമായി നിലനിൽക്കുന്ന ശക്തമായ ഒരു സ്നേഹബന്ധമുണ്ടെന്നും അമീഷ വെളിപ്പെടുത്തുന്നു.
