പരവൂർ: ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ കരുത്തും വേഗവും വർധിപ്പിച്ച് രാജ്യത്തെ 80 ശതമാനം റെയിൽവേ ട്രാക്കുകളും മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലുള്ള സെമി-ഹൈ സ്പീഡ് ട്രെയിൻ ഗതാഗതത്തിന് സജ്ജമായി.തുടർച്ചയായ നവീകരണ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച ഈ നേട്ടം വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള അതിവേഗ ട്രെയിനുകളുടെ സുഗമമായ ഓട്ടത്തിന് വഴിയൊരുക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിൻ്റെ പ്രതീക്ഷ.
നേരത്തെ രാജ്യത്തെ 40 ശതമാനം പാതകളിൽ മാത്രമാണ് 110 കിലോമീറ്റർ വേഗം സാധ്യമായിരുന്നത്. ഇപ്പോഴിത് ഇരട്ടിയായി വർധിപ്പിച്ചു. ഇതിനുപുറമെ, മണിക്കൂറിൽ 130 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാവുന്ന ട്രാക്കുകളുടെ എണ്ണം ആറ് ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നു. യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്താനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
2014 മുതൽ ഏകദേശം 55,000 കിലോമീറ്റർ ട്രാക്കുകൾ റെയിൽവേ പുതുക്കിപ്പണിതിട്ടുണ്ട്. ഇതിൽ 44,000 കിലോമീറ്ററിലും 260 മീറ്റർ നീളമുള്ള റെയിൽ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പാളങ്ങൾ തമ്മിലുള്ള സന്ധികൾ കുറയുന്നതിലൂടെ കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ സാധിക്കും. ട്രാക്കുകളുടെ അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്ന മെഷീനുകളുടെ എണ്ണം 2014-ലെ 748-ൽ നിന്ന് 2026-ൽ 1,785 ആയി വർധിപ്പിച്ചിട്ടുണ്ട്.
റെയിൽ പാളങ്ങൾക്കുള്ളിലെ അദൃശ്യമായ വിള്ളലുകൾ കണ്ടെത്താൻ അൾട്രാസോണിക് ഫ്ളോ ഡിറ്റക്ഷൻ പോലുള്ള നൂതന സാങ്കേതികവിദ്യകൾ 36.2 ലക്ഷം കിലോമീറ്ററുകളിൽ പരീക്ഷിച്ചു. ഇത് പാളങ്ങൾ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ 90 ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചു. ജിപിഎസ് അധിഷ്ഠിത ഓസിലേഷൻ മോണിറ്ററിംഗ് സിസ്റ്റങ്ങൾ വഴി ട്രാക്കിലെ പരുക്കൻ ഭാഗങ്ങൾ കൃത്യമായി കണ്ടെത്താനും ഇപ്പോൾ സാധിക്കുന്നുണ്ട്.
ട്രെയിനുകളുടെ വേഗം വർധിക്കുന്ന സാഹചര്യത്തിൽ ട്രാക്കുകളിലേക്ക് കന്നുകാലികളും മനുഷ്യരും അതിക്രമിച്ചു കയറുന്നത് തടയാൻ 17,500 കിലോമീറ്റർ ദൂരത്തിൽ സുരക്ഷാ വേലികൾ സ്ഥാപിച്ചു. പ്രധാനമായും 110 കിലോമീറ്ററിന് മുകളിൽ വേഗമുള്ള റൂട്ടുകളിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, പോയിന്റുകളിലും ക്രോസിംഗുകളിലും കൂടുതൽ കരുത്തുള്ള സ്വിച്ചുകളും വെൽഡബിൾ സിഎംഎസ് ക്രോസിംഗുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതിദിനം രണ്ട് കോടിയിലധികം യാത്രക്കാരുമായി 25,000-ത്തോളം ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തുന്നത്. കൽക്കരി, ഇരുമ്പയിര്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ചരക്കുനീക്കത്തിനായി 1,37,000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കുകളാണ് ഉപയോഗിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ട്രാക്കുകൾ 130 കിലോമീറ്ററിലധികം വേഗത്തിലേക്ക് ഉയർത്താനാണ് റെയിൽവേയുടെ പദ്ധതിയെന്നും മന്ത്രാലയം വ്യക്തമാക്കി.
