ഗുരുഗ്രാം: പീഡന പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് അതിജീവിത.ഗുരുഗ്രാമിലാണ് നടുക്കുന്ന സംഭവം.
കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ യുവതി കൈവശമുണ്ടായിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ചു. പിന്നീട് തീകൊളുത്താൻ ശ്രമിച്ച ഇവരെ പോലീസുകാർ തടഞ്ഞു. തുടർന്ന് രംഗം ശാന്തമാക്കി.
കമ്മീഷണർ ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് ഇവർ സ്വയം വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. പാനിപ്പത്ത് സ്വദേശിയായ ഒരാൾ തന്നെ പീഡിപ്പിച്ചുവെന്നും സെക്ടർ 51 പോലീസ് സ്റ്റേഷനിൽ പരാതി നൽകി നാല് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നും ഇവർ പറഞ്ഞു.
“പ്രതി ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കുടുംബവും ഗുണ്ടകളും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണ്. ഇനി മരണമാണ് ഏക പോംവഴി.
ആത്മഹത്യ ചെയ്യാൻ ഞാൻ സിപി ഓഫീസിലേക്ക് പോകുന്നു’.- അവർ വീഡിയോയിൽ പറഞ്ഞു. അതേസമയം, കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
