മാവേലിക്കര: ആളില്ലാതിരുന്ന സമയം നോക്കി കല്ലുമലയിലെ മൂന്നു വീടുകളുടെ വാതിൽ തകർത്തു മോഷണം. കല്ലുമല ഉമ്പർനാട് പനയ്ക്കൽ അജുവില്ലയിൽ അജു, നേമത്ത് ഡോ.നാസർ, പോളച്ചിറയ്ക്കൽ റേ നൈനാൻ എന്നിവരുടെ വീടുകളിലാണു ഞായർ പുലർച്ചെ മോഷണം നടന്നത്.
3 വീടുകളിലും ആളില്ലാതിരുന്ന സമയത്താണു മോഷ്ടാക്കൾ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്നത്. ഡോ.നാസറിൻ്റെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ എല്ലാ മുറികളുടെയും പൂട്ടുകൾ തകർത്തു. അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണം അപഹരിച്ചു.
അജുവില്ലയിലും പോളച്ചിറയ്ക്കലും മേശയും അലമാരകളും കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ടു. കുറത്തികാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ക്യാമറ ദൃശ്യങ്ങളിൽ നിന്നു രണ്ടു മോഷ്ടാക്കളെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.
