സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിക്കു മാത്രമല്ല, ഏതൊരു മനുഷ്യനും വേണ്ട ഒന്നാണെന്ന് അഹാന കൃഷ്ണ. പണം കൊടുത്ത് സന്തോഷം വാങ്ങാന്‍ പറ്റില്ലെന്നൊക്കെ പറയും. പക്ഷേ ഒരുപാട് കാര്യങ്ങളില്‍ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റും. ഏതൊരു വ്യക്തിക്കും വേണ്ട ഒന്നാണ് സാമ്പത്തിക സ്വാതന്ത്ര്യം.
പൈസ ഉള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തില്‍ സെറ്റില്‍ ആകാം എന്ന് പറയുന്നത് ഭയങ്കര തെറ്റായ ചിന്താഗതിയാണ്. നമ്മള് മനുഷ്യരാണ്, മനുഷ്യരുടെ ഉള്ളില്‍ സ്വാര്‍ഥത ഉണ്ടാകും. നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, നിങ്ങളുടെ പഴ്സ് തുറന്ന് പൈസ എടുത്ത് എന്താണോ വേണ്ടത് അത് ചെയ്യുക എന്നുള്ളതാണ്.
അതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് വേണ്ട ഏറ്റവും വലിയ കാര്യം. ഞാന്‍ എന്റെ കരിയര്‍ തുടങ്ങുന്നത് ഒരു അഭിനേതാവ് ആയിട്ടാണെങ്കിലും എനിക്കിപ്പോഴും ഏറ്റവും കൂടുതല്‍ താത്പര്യമുള്ള കാര്യം അതാണെങ്കിലും അതിന് പുറത്തേക്ക് എനിക്കൊരു വരുമാനം ഉണ്ടാക്കാന്‍ പറ്റിയതു കൊണ്ടാണ് ഇന്നും ഒരു നടിയെന്ന നിലയില്‍ എനിക്ക് പുതുമ നിലനിര്‍ത്താന്‍ പറ്റുന്നത്.
എനിക്ക് നല്ലതല്ലാത്ത സിനിമയുടെ അവസരങ്ങള്‍ വരുമ്പോള്‍ എനിക്ക് കാശിനു വേണ്ടി ആ വര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നില്ല. കാരണം, നമ്മള് കുട്ടിയായിരിക്കുമ്പോള്‍ കണ്ടിട്ടുണ്ട്. അച്ഛനൊക്കെ താത്പര്യമില്ലാത്ത സിനിമകള്‍ പോലും ചിലപ്പോള്‍ എടുക്കേണ്ടി വരും. കാരണം ജീവിക്കാന്‍ കാശ് വേണം. അപ്പോള്‍ ജോലി ചെയ്താലേ കാശ് കിട്ടുകയുള്ളൂ എന്ന് അഹാന കൃഷ്ണ പറഞ്ഞു.
