വയനാട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ടി.സിദ്ദിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ഹൈക്കമാൻഡിന്റെ പ്രാഥമിക വിലയിരുത്തൽ. കെ.സി.വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ടായിരുന്നു.
രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ല. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂവെന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗാന്ധി കുടുംബത്തിലെ പ്രമുഖർക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
