സൂര്യ നായകനായെത്തുന്ന ആർ.ജെ. ബാലാജി ചിത്രം കറുപ്പ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ചിത്രത്തിൽ നായികയായി തൃഷയാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യഷോ കാണാൻ ചെന്നൈയിലെ രോഹിണി തിയറ്ററിൽ നടി എത്തിയിരുന്നു. എന്നാൽ പ്രദർശനം കഴിഞ്ഞു മടങ്ങവെ ആരാധകർക്കിടയിൽനിന്നുള്ള തൃഷയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
ആരാധകർ വളഞ്ഞ കാറിനുള്ളിൽ തൃഷ ഇരിക്കുന്നതായി വീഡിയോയിൽ കാണാം. കാറിന്റെ നാലുഭാഗത്തുനിന്നും ആരാധകർ തൃഷയുടെ ശ്രദ്ധനേടാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഡ്രൈവർ സീറ്റിനടുത്തെ വിൻഡോയിൽക്കൂടി ഒരു ആരാധകൻ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നൽകിയ മറുപടിയുമാണ് വീഡിയോയിൽ ശ്രദ്ധനേടുന്നത്.
ദളപതിയെ അന്വേഷിച്ചൂ എന്ന് പറയൂ’, എന്നായിരുന്നു ആരാധകൻ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, ഉറപ്പായും എന്നും മറുപടി നൽകി. തുടർന്ന് ഫോണിൽ നോക്കി ചിരിയടക്കാൻ ശ്രമിക്കുന്ന തൃഷയേയും വീഡിയോയിൽ കാണാം. പിന്നീട് മറ്റ് ആരാധകരെ അഭിവാദ്യംചെയ്ത് അവരുടെ കാർ കടന്നുപോയി.
തമിഴ്നാട് മുഖ്യമന്ത്രിയായ, ആരാധകരുടെ ദളപതി സൂപ്പർതാരം വിജയ്യുമായുള്ള തൃഷയുടെ സൗഹൃദം തമിഴ്നാട്ടിൽ വലിയ ചർച്ചാ വിഷയമാണ്. മേയ് പത്തിന് നടന്ന വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ അതിഥിയായി പങ്കെടുത്തിരുന്നു.
