കോട്ടയം: വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് മോന്‍സ് ജോസഫ് (61) രാഷ്ട്രീയത്തില്‍ എത്തിയത്. മോന്‍സ് ജോസഫിന്റെ മന്ത്രിപദവി കടുത്തുരുത്തിക്ക് ആഹ്ലാദവും അഭിമാനവുമാണ്. ഇനിയുള്ള കാലങ്ങളില്‍ സംസ്ഥാനത്തെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ഭരണസംവിധാനങ്ങളുമെല്ലാം കടുത്തുരുത്തി കേന്ദ്രീകരിച്ചാവും.
മുളക്കുളം പൂഴിക്കോല്‍ നരിമറ്റത്തില്‍ പരേതനായ ഒ.ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ് മോന്‍സ് ജോസഫ്. ആപ്പാഞ്ചിറ മാന്നാര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും പൂഴിക്കോല്‍ സെന്റ് മാര്‍ത്താസ് യുപി സ്കൂളില്‍ യുപിയും കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തലയോലപ്പറമ്പ് ഡിബി കോളജില്‍ പ്രീഡിഗ്രിയും കോട്ടയം ബെസേലിയോസ് കോളജില്‍ ഡിഗ്രി പഠനവും നടത്തി.
കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ് സിയുടെ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനാണ്.
1996 ല്‍ കെഎസ്സി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ് കടുത്തുരുത്തിയില്‍ നിന്നും നിയമസഭയിലേക്ക് ആദ്യമായി ജയിക്കുന്നത്. 2007-08 കാലത്ത് 22 മാസം വി.എസ്. മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപിക സോണിയയാണ് ഭാര്യ. എംഎഡ് വിദ്യാര്‍ഥിനിയായ മരീനാ മോന്‍സ് മകളാണ്.
