കൊല്ലം: കോണ്‍ഗ്രസിന്റെ പവര്‍ ഹൗസ് എന്ന് വിശേഷിപ്പിക്കുന്ന പി.സി. വിഷ്ണുനാഥിന്റെ മന്ത്രിസ്ഥാനം യാദൃച്ഛികമല്ല. 48-ാം വയസിനുള്ളില്‍ സ്വന്തം വ്യക്തിപ്രഭയില്‍ രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ കഴിഞ്ഞ യുവനേതാവാണ് വിഷ്ണുനാഥ്. തലക്കനമില്ലാത്ത നേതാവ്, പുഞ്ചിരിച്ചു ചേര്‍ത്തു പിടിക്കുന്ന വിഷ്ണുനാഥ് ജനകീയമുഖത്തോടെയാണ് രാഷ്ട്രീയത്തില്‍ തിളങ്ങുന്നത്.
കെപിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വിഷ്ണുനാഥിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കെഎസ് യു സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കോളജ് രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. കേരള സര്‍വകലാശാല സെനറ്റ് അംഗം, കെഎസ് യു സംസ്ഥാന പ്രസിഡന്റ് , യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് , കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മികച്ച സമാജികനുള്ള ടി.എം. ജേക്കബ് സ്മാരക പുരസ്കാരം നേടിയിട്ടുണ്ട്. അഞ്ചാം തവണയാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. 2006 ല്‍ ചെങ്ങന്നൂരില്‍ സജി ചെറിയാനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. 2011 ല്‍ വിജയം ആവര്‍ത്തിച്ചു. 2016 ല്‍ പരാജയപ്പെട്ടു. 2021 കുണ്ടറയില്‍നിന്നു വിജയിച്ചു. ഇക്കുറി 32564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വിദ്യാഭ്യസ യോഗ്യത: ബിരുദം.
കര്‍ണാടക ഷിമോഹ ജില്ലയില്‍ എച്ച് എം താലൂക്കിലെ തുമാരി സ്വദേശിനിയായ എച്ച്.എം. കനകഹാമയാണ് ഭാര്യ. പ്രശസ്ത കവി എച്ച്.എം ഭട്ടിന്റെ മകള്‍ കനകഹാമ കവയിത്രിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്. 2005 ല്‍ ഗുജറാത്തില്‍ വച്ചാണ് വിഷ്ണുനാഥ് കനകയെ പരിചയപ്പെട്ടത്. 2007 ല്‍ ആയിരുന്നു വിവാഹം. മകള്‍ അന്നപൂര്‍ണേശ്വരി ദേവി.
