മലപ്പുറം: എ.പി. അനിൽകുമാർ വീണ്ടും മന്ത്രിസഭയിലെത്തുന്പോൾ മലയോര ജനത ആഹ്ലാദ തിമിർപ്പിൽ. വണ്ടൂർ മണ്ഡലത്തിലെ മലയോര കാർഷിക മേഖലയിൽപെട്ട പഞ്ചായത്തുകളിൽ അനിൽകുമാറിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. കാർഷിക മേഖലയുടെ തീരാശാപമായി മാറിയ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നാണ് കർഷകരുടെ വിശ്വാസം.
വണ്ടൂരിലെ വോട്ടർമാർ ഒട്ടേറെ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചത്. വണ്ടൂർ നിയമസഭാ മണ്ഡലത്തിൽനിന്നു തുടർച്ചയായി ആറാം തവണയാണ് അനിൽകുമാർ എംഎൽഎയായി നിയമസഭയിൽ എത്തുന്നത്. മന്ത്രിസഭയിൽ മൂന്നാമൂഴമാണ്.
മലപ്പുറം കളക്ടറേറ്റിനു സമീപം അക്കരപുരക്കൽ ബാലന്റെയും കെ.സി. ദേവകിയുടെയും മകനായി 1965 മാർച്ച് 15ന് ജനനം. പ്രീഡിഗ്രി പൂർത്തിയാക്കി. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് (1976), താലൂക്ക് പ്രസിഡന്റ് (1982), മലപ്പുറം ജില്ലാ സെക്രട്ടറി (1984), പെരിന്തൽമണ്ണ പിടിഎം കോളജ് യൂണിയൻ ചെയർമാൻ, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് (1986), സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
എ.പി. അനിൽകുമാർ 2001ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2006, 2011, 2016, 2021, 2026 വർഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ 2006 വരെ പട്ടികജാതി-വർഗ പിന്നാക്ക-യുവജനക്ഷേമ സാംസ്കാരിക മന്ത്രിയായും 2011 മുതൽ 2016 വരെ പട്ടികജാതി-പിന്നാക്കക്ഷേമ- വിനോദസഞ്ചാര മന്ത്രിയായും സേവനമനുഷ്ഠിച്ചു. പ്രസീജയാണ് ഭാര്യ. അർജുൻ, അമൽ എന്നിവരാണ് മക്കൾ.
