തൃശൂർ: കനൽവഴികൾ താണ്ടിയ കരുത്തുമായി കന്നിയങ്കത്തിൽ ജയിച്ചുകയറിയ ഒ.ജെ. ജനീഷ് തൃശൂർ ജില്ലയിലെ ഏക മന്ത്രി. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി തൃശൂരിനു മന്ത്രിയുണ്ടാകില്ലെന്ന ആശങ്കയ്ക്കിടെയാണ് ജനീഷിന്റെ സർപ്രൈസ് എൻട്രി. പത്തുവർഷം ഇടതിനു വൻ ഭൂരിപക്ഷം നൽകിയ കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെയാണ് മലർത്തിയടിച്ചത്. അവസാന ഘട്ടത്തിലാണ് ജനീഷിനെത്തേടി യൂത്ത് കോണ്ഗ്രസ് അധ്യക്ഷപദവിയും എത്തിയത്. വി.എം. സുധീരൻ തൃശൂരിൽനിന്ന് യൂത്ത് കോണ്ഗ്രസ് പ്രസിഡന്റായി അരനൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ജനീഷ് അധ്യക്ഷനായത്.
കഷ്ടപ്പാടിന്റെ കനലിൽ ചവിട്ടിനിന്നാണ് പിറന്ന നാട്ടിൽ ജനീഷ് പൊതുപ്രവർത്തകനായത്. പോളിടെക്നിക് പഠനകാലത്ത് അച്ഛൻ മരിച്ചു. അമ്മ പുഷ്പയുടെ തൊഴിലുറപ്പുജോലിയായിരുന്നു ഏക വരുമാനം. പഠനച്ചെലവുകൾക്കു പണം കണ്ടെത്തിയത് പാർട്ട് ടൈം ജോലികൾ ചെയ്ത്. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ മൂന്നുവരെ വ്യവസായസ്ഥാപനത്തിൽ ജോലി ചെയ്തു.
ഉറക്കമില്ലാതെ ആരോഗ്യം നശിച്ചതോടെ പെരുന്പാവൂർ ബസ് സ്റ്റാൻഡിലെ പുസ്തകക്കടയിൽ വൈകുന്നേരം സെയിൽസ്മാനായി. ശനി, ഞായർ ദിവസങ്ങളിൽ ആലുവയിലെ ഇന്റർനെറ്റ് കഫെയിൽ സഹായിയായി. സൈക്കിൾകടയിലെ സെയിൽസ്മാൻ മുതൽ സെക്യൂരിറ്റിക്കാരൻ വരെയായി. എൽഎൽഎബിയെന്ന മോഹവും സാധിച്ചത് ഈ ജോലികൾക്കിടെയാണ്. ജനീഷിനു മത്സരിക്കാനുള്ള പണം നൽകിയത് അമ്മയുടെ കൂടെ ജോലിചെയ്ത കൂട്ടുകാരികൾ ചേർന്നാണ്.
വിദ്യാർഥി കാലംമുതൽ കൊടുങ്ങല്ലൂരിനു സുപരിചിതനാണു ജനീഷ്. യൂത്ത് കോണ്ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരേയടക്കം നടത്തിയ സമരങ്ങൾ ജനീഷിനെ നേതാവാക്കി ഉയർത്തി. വിവിധ സമരങ്ങളിലായി എഴുപതോളം കേസുകൾ. പാസ്പോർട്ട് തടഞ്ഞതടക്കമുള്ള വെല്ലുവിളികളും നേരിടുന്നു.
കുഴൂരിൽ ഓടാശേരി ജനരഞ്ജൻ- പുഷ്പ ദന്പതികളുടെ മൂത്ത മകനായി 1988ൽ ജനനം. കുഴൂർ ഗവണ്മെന്റ് ഹൈസ്കൂൾ, പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്എസ്, പെരുന്പാവൂർ ഗവണ്മെന്റ് പോളിടെക്നിക്ക് എന്നിവിടങ്ങളിൽ പഠനം. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ. 2019ൽ തൃശൂർ ഗവ. ലോ കോളജിൽനിന്ന് എൽഎൽബി. ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ. റോയിയുടെ ജൂണിയറായും പ്രവർത്തിച്ചു.
കെഎസ് യുവിലൂടെയാണു രാഷ്ട്രീയപ്രവേശം. പെരുന്പാവൂർ പോളിടെക്നിക്കിൽ യൂണിറ്റ് പ്രസിന്റ്, 2007ൽ മാള നിയോജകമണ്ഡലം പ്രസിഡന്റ്, 2012 തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, 2017ൽ ജില്ലാ പ്രസിഡന്റ് പദവികളിലെത്തി. 2010 മുതൽ 2012വരെ യൂത്ത് കോണ്ഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, 2020-23വരെ തൃശൂർ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. അഭിഭാഷകയായ ശ്രീലക്ഷ്മിയാണു ഭാര്യ. ധനേഷ് ഏക സഹോദരനാണ്.
